കോൺഗ്രസ് പ്രവർത്തകന്റെ വീടും നിരവധി വാഹനങ്ങളും അടിച്ച് തകർത്തു
text_fieldsതകര്‍ത്ത വാഹനങ്ങള്‍
മാറനല്ലൂര്‍: സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ 15 വാഹനങ്ങളും കോൺഗ്രസ് പ്രവർത്തകന്റെ വീടും അടിച്ച് തകർത്തതായി പരാതി; മൂന്നുപേർ പിടിയിൽ. ഞായറാഴ്ച അർധരാത്രിയോടെയാണ് മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മൂന്നംഗ സംഘം ആക്രമണ പരമ്പര നടത്തിയത്.
മണ്ണടിക്കോണം കുമാറിന്റെ വീടിന് നേരെയാണ് അക്രമണം നടത്തിയത്. വീടിന്റെ ജനൽ ഗ്ലാസുകളും വാതിലും തകർത്തു. സി.പി.എം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി കുരിശോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അഭിശക്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് കുമാർ മാറനല്ലൂർ പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ അഭിശക്ത്, വിഷ്ണു, പ്രദീപ് എന്നിവരെ മാറനല്ലൂർ പൊലീസ് പിടികൂടി.
വീട് ആക്രമിച്ച ശേഷം സംഘം പാൽക്കുന്ന് ആശുപത്രിക്ക് സമീപം ശാന്തിദൂതിൽ അജീഷിന്റെ കാർ, ചൈതന്യ ഗ്രന്ഥശാലക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ്, വണ്ടന്നൂർ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപ്പറിന്റെ ഗ്ലാസ്, പാപ്പാകോട് അജയന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഗ്ലാസ്, ശിവന്റെ ഉടമസ്ഥതയിലുള്ള ടോറസ് ലോറിയുടെ ഗ്ലാസ്, മണ്ണടിക്കോണത്ത് പ്രദീപിന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ, ചെന്നിയോട് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പിക്-അപ് വാനുകൾ എന്നിവ തകർത്ത ശേഷം ചെന്നിയോട് വിളവെടുക്കാറായ അഞ്ചുസെന്റ് പുരയിടത്തിലെ മരച്ചീനി കൃഷിയും വെട്ടി നശിപ്പിച്ച ശേഷം പ്രദേശത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
നിരവധി ഇരുചക്രവാഹനങ്ങളും സംഘം തകർത്തിട്ടുണ്ട്. വണ്ടന്നൂർ, പാൽക്കുന്ന്, മേലാരിയോട്, ചെന്നിയോട്, മദർ തെരേസ നഗർ തുടങ്ങി നിരവധി പ്രദേശത്ത് റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് സംഘം അടിച്ചുതകർത്തത്.
മദ്യ ലഹരിയിൽ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കണ്ണിൽ കണ്ട വാഹനങ്ങൾ ആക്രമി സംഘം അടിച്ചുതകർത്ത ശേഷം പോർവിളി നടത്തുകയായിരുന്നെന്നും ആക്രമികൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാട്ടാക്കട ഡിവൈ.എസ്.പി ഷിബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

