ആരോഗ്യമേഖലക്ക് നേട്ടം; രണ്ടാം മെഡിക്കൽകോളജ് തലസ്ഥാനത്തിന്‍റെ മുഖഛായ മാറും
text_fieldsതിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച്, പിന്നെ നടക്കാതെപോയ തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളജിന് വീണ്ടും ജീവൻവെക്കുന്നു. ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് ഇന്ദിരാഗാന്ധിയുടെ പേരിൽ തുടങ്ങാൻ തീരുമാനിച്ച മെഡിക്കൽകോളജ് ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിൽ ആരംഭിക്കും.
തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കൽ കോളജ് ജില്ലയുടെ ആരോഗ്യമേഖലയിൽ നേട്ടമാകും. 100 എം.ബി.ബി.എസ് സീറ്റുകളിൽ തുടക്കത്തിൽതന്നെ പഠനസൗകര്യമൊരുക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. കൂടുതൽ ചികിത്സ, ഗവേഷണ വിഭാഗങ്ങളുമുണ്ടാകും. ഇതിനായുള്ള ശ്രമങ്ങൾ മന്ത്രി കെ. മുരളീധന്റെ നേതൃത്വത്തിൽ നടത്തിവരുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ജനറൽ ആശുപത്രി വളപ്പിലാണ് രണ്ടാംമെഡിക്കൽ കോളജ് ആരംഭിക്കാൻ തീരുമാനിച്ചത്. ആരോഗ്യമന്ത്രി ആയിരുന്ന വി.എസ്. ശിവകുമാർ അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ബഹുനില കെട്ടിടം നിർമിച്ചു. പ്രിൻസിപ്പൽ ഉൾപ്പെടെ ഡോക്ടർമാരെയും നിയമിച്ചു. പിന്നീട് തെരഞ്ഞെടുപ്പ് വരികയും സർക്കാർ മാറുകയും ചെയ്തതതോടെ എല്ലാം നീക്കങ്ങളും അവസാനിച്ചു. ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാറിലെ ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രിയോട് രണ്ടാം മെഡിക്കൽ കോളജ് സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നു. അനുകൂല സമീപനമാണ് ഉണ്ടായത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ മറ്റ് തടസ്സങ്ങളില്ലെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്.
സർക്കാരാകട്ടെ രണ്ടാം മെഡിക്കൽ കോളജ് എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള മുന്നൊരുക്കങ്ങളിലാണ്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ജനറൽ ആശുപത്രിയും തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുംകൂടി യോജിപ്പിച്ചാണ് രണ്ടാം മെഡിക്കൽ കോളജിനുള്ള പദ്ധതി തയാറാക്കിയത്.
എൽ.ഡി.എഫ് സർക്കാർ പദ്ധതിക്ക് അനൂകൂലമായിരുന്നില്ല. ഇതോടെ രണ്ടാംമെഡിക്കൽ കോളജ് 10 വർഷത്തോളം വിസ്മൃതമായി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളജിനായി 1,38,000 സ്‌ക്വയർഫീറ്റിൽ അഞ്ച് നിലയുള്ള കെട്ടിടം നിർമ്മിക്കുകയും പ്രിൻസിപ്പൽ, സൂപ്രണ്ട്, അധ്യാപകർ തുടങ്ങിയ തസ്തിക സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലും കേന്ദ്രഗവൺമെന്റും പരിശോധന നടത്തി അംഗീകാരം നൽകുകയും ചെയ്തു. 2016 ഫെബ്രുവരി 25ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മെഡിക്കൽ കോളജിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഭരണമാറ്റത്തോടെ മെഡിക്കൽ കോളജിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ തിരക്കിന് പരിഹാരമാകും എന്നതാണ് പ്രധാന നേട്ടം. നിലവിൽ രോഗികളുടെ ബാഹുല്യത്തിൽ വീർപ്പുമുട്ടുകയാണ് മെഡിക്കൽ കോളജ്. തറയിലും വരാന്തയിലുംവരെ ഗുരുതര അസുഖം ബാധിച്ച രോഗികൾ കിടക്കേണ്ടിവരുന്ന സാഹചര്യം. രണ്ടാമതൊരു മെഡിക്കൽ കോളജും അനുബന്ധ സൗകര്യങ്ങളും വരുന്നത് തിരക്ക് കുറക്കാനും നിലവിലുള്ളതിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കാനും സഹായകമാവുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

