ചാലയിൽ മിന്നൽ പരിശോധന; 751 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു
text_fieldsഎൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തിരുവനന്തപുരം നഗരസഭ വാഹനത്തിലേക്ക് മാറ്റുന്നു
തിരുവനന്തപുരം: ചാലക്കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളായ ക്യാരി ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
കമ്പോളത്തിനുള്ളിൽ പ്രവർത്തിക്കുന്ന ലക്കി േട്രഡേഴ്സ് എന്ന മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ഇറക്കുമതി ലോറിയിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത്. പരിശോധന വിവരമറിഞ്ഞ് സ്ഥാപനത്തിന്റെ ഉടമസ്ഥർ സ്ക്വാഡ് എത്തുന്നതിനു മുമ്പേ ഗോഡൗൺ പൂട്ടിയിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് സ്ക്വാഡ് ലോറിയിൽ പരിശോധന നടത്തിയത്.
മറ്റ് ലഘുവ്യാപാര സ്ഥാപനങ്ങളിൽനിന്ന് കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ തിരുവനന്തപുരം നഗരസഭക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്ക്വാഡ് അറിയിച്ചു.
ജില്ല ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫിസർ, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറുടെ പ്രതിനിധികൾ, പൊലീസ്, തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തദ്ദേശ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ ചെയർമാനും ശുചിത്വ മിഷൻ കോഓഡിനേറ്റർ ജില്ല നോഡൽ ഓഫിസറുമായാണ് എൻഫോസ്മെന്റ് സ്ക്വാഡ് രൂപവത്കരിച്ചത്.
എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനക്കിടെ സംഘർഷം
തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തുന്നതിനായി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചാലയിൽ നടത്തിയ പരിശോധനക്കിടെ സംഘർഷം. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽനിന്ന് വിൽപന നടത്താനായി സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. വ്യാപാരികളും നാട്ടുകാരും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടുകെട്ടുന്നത് തടയുകയും പരിശോധന തടസ്സപ്പെടുത്തുകയും ചെയ്തതിനാൽ പൊലീസ് സഹായത്തോടെയാണ് സ്ക്വാഡ് പരിശോധന തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

