അപകടപ്പൊഴിയിൽ 10 കൊല്ലത്തിനിടയിൽ പൊലിഞ്ഞത് 65 ജീവൻ
text_fieldsപെരുമാതുറ: കഴിഞ്ഞ10 വർഷത്തിനിടയിൽ മത്സ്യബന്ധനത്തിന് പോയി മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട് ജീവൻ പൊലിഞ്ഞത് 65 പേർക്ക്. കടലിന്റെ ആഴങ്ങളിൽനിന്ന് ഇനിയും കിട്ടാനുള്ളത് ഒമ്പതുപേരെ. പരിക്കേറ്റ് മരിച്ചുജീവിക്കുന്ന നിരവധിപേർ വേറെയും. ഇതു സർക്കാറിന്റെ കണക്കുകൾ മാത്രം. എന്നാൽ, നൂറോളം പേരുടെ ജീവൻ നഷ്ടമായി എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടലോട് ചേർന്നുളള അശാസ്ത്രീയ നിർമാണങ്ങളാണ് അപകടങ്ങൾക്ക് കാരണം എന്ന് മദ്രാസ് ഐ.ഐ.ടി ഉൾപ്പെടെ നിരവധി പഠന റിപ്പോർട്ടുകളുണ്ട്.
അധികൃതരുടെ മൗനമാണ് ഉറ്റവരുടെ ജീവൻ തുടർച്ചയായി നഷ്ടമാകാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തിങ്കളാഴ്ച ഉണ്ടായത് ഏറ്റവും ഒടുവിലത്തെ അപകടമാണ്.
ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയരുകയും സ്ഥലത്തെിയ മന്ത്രിമാരെ തടയുകയും ചെയ്ത സംഭവങ്ങളും അതിന്റെ തുടർച്ചയാണ്. ഓരോ അപകടം ഉണ്ടാകുമ്പോഴും ഒറ്റപ്പെട്ട സംഭവമായി അധികൃതർ വിലയിരുത്തി മടങ്ങും. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 10 അപകടങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായത്.
കഴിഞ്ഞവർഷം ഏഴുപേരാണ് അപകടങ്ങളിൽ മരിച്ചത്. വള്ളവും വലയും പൂർണമായും നശിച്ചവരും നിരവധിപേരുണ്ട്. ചെറിയ അപകടങ്ങൾ ഉണ്ടായാൽപോലും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സംവിധാനവും പ്രദേശത്തില്ല.
പലപ്പോഴും രക്ഷപ്പെടുത്തുന്നതാകട്ടെ മറ്റു വള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളാണ്.
അപകടമുണ്ടായാൽ വിഴിഞ്ഞത്തുനിന്നും കോസ്റ്റുഗാർഡിന്റെ ബോട്ടുകൾ സ്ഥലത്ത് എത്തിയാൽ മാത്രമേ തിരച്ചിൽ നടത്താൻ കഴിയുകയുള്ളൂ.
അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെ ബോട്ട് ആകട്ടെ കട്ടപ്പുറത്തായിട്ട് മാസങ്ങളായി. പലപ്രാവശ്യം മത്സ്യത്തൊഴിലാളികൾ പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ല.
ഒടുവിൽ മുതലപ്പൊഴി മാസ്റ്റർ പ്ലാൻ തയാറാക്കാൻ 50 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ചർച്ചകൾ നടന്നതല്ലാതെ ഫലം ഒന്നും കണ്ടില്ല. യഥാസമയം ഡ്രെഡ്ജിങ് നടത്തിയിരുന്നെങ്കിൽ കുറച്ചെങ്കിലും അപകടം ഒഴിവാക്കാമായിരുന്നെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.