Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2020 11:58 PM GMT Updated On
date_range 6 Nov 2020 11:58 PM GMT197 പുതിയ കോഴ്സുകൾ; കോളജുകളിലും സർവകലാശാലകളിലും 7500 സീറ്റ് കൂടും
text_fieldsbookmark_border
തിരുവനന്തപുരം: പ്രധാന കോളജുകളിലും സർവകലാശാലകളിലും ഉൾപ്പെടെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പി.ജി ഉൾപ്പെടെ 197 കോഴ്സ് അനുവദിച്ച് സർക്കാർ ഉത്തരവ്. സർക്കാർ, എയ്ഡഡ് കോളജുകളിലും എൻജിനീയറിങ് കോളജുകളിലും സർവകലാശാലകളിലുമായാണ് പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ അനുവദിച്ചത്. 47 സർക്കാർ കോളജുകളിൽ 49 ഉം 105 എയ്ഡഡ് കോളജുകളിൽ 117ഉം കോഴ്സ് അനുവദിച്ചു. എട്ട് സർവകലാശാലകളിൽ 19 ഉം എട്ട് എൻജിനീയറിങ് കോളജുകളിൽ 12ഉം കോഴ്സ് അനുവദിച്ചു. ഇതുവഴി 7500 സീറ്റ് വർധിക്കും. മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കോഴ്സുകളുടെ അനുമതി. പുതുതലമുറ കോഴ്സുകൾ ആരംഭിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബുതോമസിൻെറ നേതൃത്വത്തിൽ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. സമിതി ശിപാർശ പരിഗണിച്ച് കോളജുകളിൽനിന്ന് പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. നാക് അക്രഡിറ്റേഷനിൽ നിശ്ചിത ഗ്രേഡ് ലഭിച്ച കോളജുകൾക്കാണ് സർവകലാശാലകളുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കോഴ്സ് അനുവദിച്ചത്. ദേവസ്വം ബോർഡ് കോളജുകൾ, എസ്.സി/എസ്.ടി വിഭാഗം നടത്തുന്ന കോളജുകൾ, സർക്കാർ കോളജുകൾ എന്നിവക്ക് നാക് നിബന്ധന ബാധകമാക്കിയില്ല. ദേവസ്വം ബോർഡ്, എസ്.സി/എസ്.ടി വിഭാഗം എന്നിവർ നടത്തുന്ന എല്ലാ കോളജിനും പുതിയ കോഴ്സ് അനുവദിച്ചിട്ടുണ്ട്. നാനോ സയൻസ്, സ്പേസ് സയൻസ്, ഇക്കണോമെട്രിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഫിനാൻഷ്യൽ മാർക്കറ്റിങ്, സ്‌പോർട്സ് മാനേജ്മൻെറ്, ഇൻറർനാഷനൽ റിലേഷൻസ്, സെയിൽസ് മാനേജ്മൻെറ്, മൾട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, റിന്യൂവബിൾ എനർജി, കമ്പ്യൂട്ടേഷനൽ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്സുകളോടൊപ്പം പരമ്പരാഗത കോഴ്സുകളും അനുവദിച്ചിട്ടുണ്ട്. സർവകലാശാലകൾക്കും കോളജുകൾക്കും ഇത്രയധികം കോഴ്സ് അനുവദിക്കുന്നത് ആദ്യമാണ്. ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്തി ക്ലാസ് ആരംഭിക്കും. ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു. ഗസ്റ്റ് അധ്യാപകരെ നിയമിച്ചായിരിക്കും പുതിയ കോഴ്സുകൾ ആരംഭിക്കുക.
Next Story