Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:28 AM IST Updated On
date_range 15 April 2022 5:28 AM ISTകുണ്ടറ വിഷു സപ്ലിമെന്‍റ് 3
text_fieldsbookmark_border
'കടയാറ്റ് ഉണ്ണിത്താനെ അറിയാമോ? blurb കുണ്ടറയുടെ ചരിത്രത്തിലും ഐതിഹ്യത്തിലും ഈ പേര് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു വേലുത്തമ്പി ദളവ അന്ത്യാശ്രയമായി കണ്ട കടയാറ്റ് ഉണ്ണിത്താനെന്ന 'ബ്രഹ്മദത്തൻ ഭട്ടതിരിപ്പാടി' നെ കുണ്ടറ മറന്നുവോ? മറക്കാമോ? മാന്ത്രികനും നാട്ടുപ്രമാണിയുമായിരുന്ന കടയാറ്റ് ഉണ്ണിത്താൻ ഇവിടെ ജീവിച്ചിരുന്നു എന്ന് അംഗീകരിക്കാനാണ് ഇന്ന് കുണ്ടറക്കാർക്കിഷ്ടം. കുണ്ടറയുടെ ചരിത്രത്തിൽ ചരിത്രകാരന്മാരും നാട്ടുകാരും പ്രകാശം പരത്താത്ത കടയാറ്റ് ഉണ്ണിത്താന്‍റെ ജീവിതരേഖ എഴുതപ്പെട്ടിട്ടില്ല. തലമുറകൾ വായ്മൊഴിയായി കൈമാറിയ ജീവചരിത്രം മാത്രമാണ് അവലംബം. 986 വർഷത്തിലധികം പഴക്കമുണ്ട് കടയാറ്റ് തറവാടിന്. എട്ടുവീടുകളും കണ്ണെത്താത്ത പാടങ്ങളും കാവും കളരിയും വൈദ്യവും ജ്യോതിഷവും മന്ത്രവാദവും ഭഗവതിസേവയുമൊക്കെ ഉണ്ടായിരുന്ന തറവാട്. കുളച്ചൽ യുദ്ധകാലത്താണ് അനിഴം തിരുനാൾ മഹാരാജാവ് പടയോട്ടം നടത്തിയത്. യുദ്ധം ചെയ്ത് കായംകുളവും കൊല്ലവും കഴിഞ്ഞ് ആലുവയിലെത്തി. യുദ്ധഭൂമിയിൽ നിൽക്കുമ്പോഴാണ് മഹാറാണി മാധവി തമ്പുരാട്ടിക്ക് ബോധക്ഷയമുണ്ടാകുന്നത്. രാജാവ് കിങ്കരന്മാരുമായി തിരുവനന്തപുരത്തേക്ക് തിരിച്ചു. അവിടെ എത്തി കൊട്ടാരം ജ്യോതിഷികളും വൈദ്യന്മാരും ശ്രമിച്ചിട്ടും മഹാറാണിയുടെ ബോധക്ഷയം മാറിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുണ്ടറ കടയാറ്റുള്ള ബ്രഹ്മദത്തൻ ഭട്ടതിരിയെ കുറിച്ചറിയുകയും അദ്ദേഹത്തെ കൊട്ടാരത്തിലെത്തിക്കുകയും ചെയ്തു. ഭട്ടതിരിയുടെ നിഗമനത്തിൽ ദേവീകോപമാണ് ബോധക്ഷയത്തിന് കാരണമെന്നും അതിന് ക്രിയകളും മരുന്നു സേവയും വിധിക്കുകയും അത് പ്രയോഗിച്ചതിലൂടെ മഹാറാണി രക്ഷപ്പെടുകയും ചെയ്തു. ദേവീകോപമുണ്ടായതിനാൽ ഇനി യുദ്ധവും അതുവഴിയുള്ള ജിവഹാനിയുമുണ്ടാകുന്നത് വീണ്ടും ആപത്ത് വിളിച്ചുവരുത്തുമെന്ന് രാജാവിനെ ഉപദേശിച്ചതോടെ രാജാവ് ഉടവാൾ ക്ഷേത്രത്തിന്‍റെ സോപാനത്തിൽ വെക്കുകയും യുദ്ധം ചെയ്യില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഭട്ടതിരിപ്പാട് കോട്ടാരം താന്ത്രികനും മാന്ത്രികനുമായി. യുദ്ധങ്ങൾ വരുത്തിവെച്ച കടക്കെണിയിൽ ഉഴലുന്ന രാജാവിനെ പല സഹായം ചെയ്ത് ഭട്ടതിരിപ്പാട് സഹായിച്ചു. രാജാവിന്‍റെ കടം കുറക്കാൻ ചെയ്ത സഹായങ്ങളുടെ പശ്ചാത്തലത്തിലാണ് വടയാറ്റ് എന്ന വീട്ടുപേര് കടയാറ്റ് ആയിമാറിയത്. കടയാറ്റ് വലിയ കോയിക്കൽ കോവിലകമാകുകയും ചെയ്തിരുന്നു. മഹാരാജാവ് ഏക്കർ കണക്കിന് ഭൂമി ഇദ്ദേഹത്തിന് കരമൊഴിവായി നൽകുകയും ചെയ്തു. മുപ്പതിലധികം ക്ഷേത്രങ്ങളും ഏക്കർ കണക്കിന് നിലവും ഇദ്ദേഹത്തിന്‍റെ അധീനതയിലുണ്ടായിരുന്നു. ഒരു കാലത്ത് കൊല്ലം-കൊട്ടാരക്കര താലൂക്കുകളുടെ പകുതി ഭാഗം കടയാറ്റുകാരുടേതായിരുന്നു. കടയാറ്റ് മാന്ത്രികൻ വലിയ ജാലവിദ്യക്കാരനും വിജ്ഞാനിയുമായിരുന്നു. രാജാവിനെ ഒരു ജാലവിദ്യക്കാരന്‍റെ കപടവിദ്യയിൽ നിന്ന് രക്ഷിച്ച കഥയുമുണ്ട്. ഒരു ജാലവിദ്യക്കാരൻ തിരുവനന്തപുരത്ത് ജലപ്പരപ്പിൽ ഒരു വാണിജ്യ കേന്ദ്രം കൃത്രിമമായി സൃഷ്ടിക്കുകയും ജലപ്പരപ്പിലൂടെ നടന്ന് വാണിജ്യ കേന്ദ്രത്തിലെത്തി സാധനങ്ങൾ വാങ്ങുന്നതിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നത്രെ. രാജകൊട്ടാരത്തിലെ പലവിദ്വാന്മാർക്കും ഇക്കാര്യത്തിൽ രാജാവിനെ സഹായിക്കാനായില്ല. തുടർന്നാണ് കടയാറ്റ് ഉണ്ണിത്താൻ എത്തുന്നത്. അദ്ദേഹം പല ആലോചനക്കുശേഷം കുരുത്തോല കൊണ്ട് ഒരു കുതിരയെയും നാണയങ്ങളുമുണ്ടാക്കുകയും തന്‍റെ ജാലവിദ്യാ വിരുത് ഉപയോഗിച്ച് കുരുത്തോല കുതിരപ്പുറത്ത് ജലപ്പരപ്പിലൂടെ വ്യാപാര കേന്ദ്രത്തിലേക്ക് യാത്രയാകുകയും ചെയ്തു. ഉണ്ണിത്താനും കുതിരയും വ്യാപാര കേന്ദ്രത്തോട് അടുക്കും തോറും അത് വെള്ളത്തിൽ താണുതാണു പോയി. അവിടെയുണ്ടായിരുന്ന ആൾക്കാർ നിലവിളിക്കുകയും രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തത്രെ. അവിടെ ഉണ്ടായിരുന്നവരെ രക്ഷിക്കുകയും രാജാവിന്‍റെ അഭിമാനം രക്ഷിക്കുകയും ചെയ്തതോടെ കടയാറ്റ് കാരണവർ പ്രശസ്തനായി. ഈ പ്രശസ്തിയാണ് വേലുത്തമ്പിദളവയെ മുളവനയിൽ എത്തിക്കാൻ കാരണമായതത്രെ. ബ്രിട്ടീഷുകാരോട് കലഹം കൂട്ടിയ ദളവ അവരുമായി യുദ്ധത്തിലേർപ്പെട്ടെങ്കിലും രാജാവും രാജാവിന്‍റെ സൈന്യവും അദ്ദേഹത്തിന്‍റെ സഹായത്തിനുണ്ടായില്ല. തുടർന്ന് വിശ്വസ്തരായ കുറച്ച് പടയാളികളുമായാണ് അദ്ദേഹം പടപൊരുതിയത്. രാജാവ് കൂടി ബ്രിട്ടീഷുകാരോട് ചേർന്നതോടെ വേലുത്തമ്പിക്ക് തുണയും പിന്തുണയും കുറച്ച് ജനങ്ങൾ മാത്രമായി. ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം സ്വദേശിയരെക്കൂടി കൂട്ടി വേലുത്തമ്പിയെയും ബ്രിട്ടീഷുകാരെ എതിർത്തവരെയും പിടികൂടാനായി സൈന്യം രാജ്യത്തിന്‍റെ നാനാദിക്കിലേക്കും പോയി. ഈ ഘട്ടത്തിലാണ് ബ്രിട്ടീഷ് സൈന്യത്തെ തുരത്തി തിരുവിതാംകൂറിനെ രക്ഷിക്കാൻ തമ്പി പോരാട്ടം ശക്തമാക്കുന്നത്. ബ്രിട്ടീഷുകാരെ തുരത്താൻ കടയാറ്റുണ്ണിത്താന്‍റെ മാന്ത്രിക വിദ്യക്ക് കഴിയുമെന്ന് ഉറപ്പിച്ച ദളവ കുണ്ടറ വിളംബരത്തിനുശേഷം കടയാറ്റേക്ക് യാത്രതിരിക്കുകയായിരുന്നു. എന്നാൽ, കൺകെട്ട് വിദ്യകൊണ്ട് പടയാളികളെ തുരത്താൻ കഴിയില്ലെന്ന ബോധ്യമുണ്ടായിരുന്ന കടയാറ്റ് മാന്ത്രികന് പക്ഷേ, തന്നിൽ വിശ്വസവും പ്രതീക്ഷയും അർപ്പിച്ചുവരുന്ന യുദ്ധം ജയിക്കാൻ അവസാന കച്ചിത്തുരുമ്പായി തന്നെ കണ്ടുവരുന്ന ദളവയുമായുള്ള കൂടിക്കാഴ്ചക്ക് കഴിയുമായിരുന്നില്ല. ദളവ ഉണ്ണിത്താനെ കാണാൻ കടയാറ്റ് തറവാട്ടിലേക്ക് എത്തിയപ്പോഴേക്കും ഉണ്ണിത്താന്‍റെ എരിയുന്ന ചിതയാണ് വരവേറ്റത്. അവസാന കച്ചിത്തുരുമ്പും നഷ്ടമായ ദളവ മുളവനയിൽ നിന്ന് കൈതക്കോട് വഴി കുതിരപ്പുറത്താണ് മണ്ണടിയിലേക്ക് പോയത്. അവിടെ എത്തിയപ്പോഴേക്കും ഒറ്റുകാരായ നാട്ടുകാരും ബ്രിട്ടീഷ് പട്ടാളവും ദളവ താമസിക്കുന്നിടം വളഞ്ഞിരുന്നു. അനുജനോട് പടവാളുയർത്തി തന്നെ കൊല്ലാൻ ആജ്ഞാപിച്ചെങ്കിലും അനുജൻ പത്മനാഭൻ തമ്പിക്ക് അതിന് കഴിഞ്ഞില്ല. ബ്രിട്ടീഷ് പട്ടാളവും അവരെ സഹായിച്ച വഞ്ചകരായ സ്വദേശികളും ആയുധങ്ങളുമായി ദളവ താമസിച്ചിരുന്ന വീട് വളയുകയും അതിന്‍റെ ഓലമേൽപ്പുര പൊളിച്ചുതുടങ്ങുകയും ചെയ്തതോടെ ശത്രുവിന് കീഴടങ്ങുന്നത് ധീരന്മാർക്ക് ചേർന്ന പ്രവൃത്തിയല്ലെന്ന പ്രഖ്യാപനത്തോടെ തന്‍റെ അരയിലുണ്ടായിരുന്ന ഉടവാളുയർത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് വീട് തകർത്ത് അകത്തുകടന്ന പട്ടാളം അദ്ദേഹത്തിന്‍റെ മൃതദേഹത്തെ വളരെ വികൃതമായ രീതിയിൽ കണ്ണമ്മൂലയിൽ മുക്കാലിയിൽ കെട്ടിയിടുകയാണുണ്ടായത്. വേലുത്തമ്പി ദളവയെപ്പോലെയുള്ള ഒരു ചരിത്രപുരുഷൻ പോലും സഹായം അന്വേഷിച്ചെത്തിയ കടയാറ്റ് ഉണ്ണിത്താനെ കുണ്ടറക്കാർ പോലും ഇതുവരെയും തിരിച്ചറിഞ്ഞില്ല. ഉണ്ണിത്താന്‍റെ ചരിത്രമുറങ്ങുന്ന കടയാറ്റ് കോവിലകവും ചരിത്രവിദ്യാർഥികളോ വിനോദസഞ്ചാരികളോ ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ട് കിടക്കുന്നത് അതിദാരുണമായ കാഴ്ചയാണ്. ആയിരത്താണ്ടോളം പഴക്കമുള്ള കെട്ടിടങ്ങളിൽ മിക്കതും ഇന്നില്ല. ആത്മാഹുതി ചെയ്ത കടയാറ്റ് മാന്ത്രികനെ അടക്കം ചെയ്ത സ്ഥലം നിത്യപൂജയും വിളക്കുകൊളുത്തലുമായി സൂക്ഷിക്കുന്നു. പഴമയുടെ തിരുശേഷിപ്പുകൾ ഇപ്പോഴും പ്രൗഢിയോടെ ഇവിടെ നിലനിൽക്കുന്നു. കുണ്ടറയുടെ ചരിത്രത്തിന്‍റെ ഭാഗമായി ലോകം അറിയേണ്ട കടയാറ്റ് തറവാട് പഞ്ചായത്ത് പോലും ശ്രദ്ധിക്കാത്തത് നാടിന്‍റെ ദുര്യോഗമാണ്. തറവാട്ടിലെ ഇളമുറക്കാരൻ ആർ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ശേഷിപ്പുകൾ സൂക്ഷിച്ചുവെക്കാനും പാരമ്പര്യ സംരക്ഷണത്തിനായുമായി രംഗത്തുണ്ട്. വേലുത്തമ്പിയെ വിളംബരദിനത്തിൽ ഓർക്കുമ്പോൾ, കടയാറ്റ് ഉണ്ണിത്താനും സ്മരിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകുക എന്നത് കുണ്ടറയുടെ ചരിത്രത്തോട് കാണിക്കുന്ന നീതിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story