Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:28 AM IST Updated On
date_range 15 May 2022 5:28 AM ISTലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന്
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. കഠിനംകുളം പഞ്ചായത്ത് 16ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാബീവിയുടെയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് നാലിനാണ് ചടങ്ങ്. നൂറുദിന പരിപാടിയുടെ ഭാഗമായി 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം. സംസ്ഥാനതല ചടങ്ങിനൊപ്പം വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ സംഘടിപ്പിച്ചിട്ടുണ്ടെന്ന് തദ്ദേശ ഭരണമന്ത്രി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ സർക്കാറിന്‍റെ ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,000 ലൈഫ് ഭവനങ്ങൾ നിർമിച്ചു കൈമാറിയിരുന്നു. പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമിച്ചു നൽകി. 34,374 വീടുകൾ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ചയങ്ങളും നിർമിക്കുന്നുണ്ട്. ഇതിൽ നാലെണ്ണം അടുത്ത മാസത്തോടെ പൂർത്തിയാകും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവരും മത്സ്യമേഖലകളിലുള്ളവരുമായ ഗുണഭോക്താക്കൾക്ക് വിവിധ കാരണങ്ങളാൽ കരാറിൽ ഏർപ്പെട്ട് വീട് നിർമാണം ആരംഭിക്കാൻ കഴിയാതെ പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിന് പ്രത്യേക പരിപാടി സർക്കാർ തയാറാക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റും മേയറും മുതൽ വാർഡ് അംഗങ്ങൾ വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എസ്.സി, എസ്.ടി പ്രമോട്ടർമാരും കുടുംബശ്രീ പ്രവർത്തകരും ഗുണഭോക്താക്കളുടെ അരികിലെത്തി പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരത്തിന് സത്വര ഇടപെടൽ നടത്തും. ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീടു നിർമിക്കുന്നതിനുള്ള ഭൂമി കണ്ടെത്താൻ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണ്' പരിപാടിയിലൂടെ 1712.56 സെന്‍റ് സ്ഥലം ഇതുവരെ ലഭിച്ചതായി മന്ത്രി അറിയിച്ചു. 1000 പേർക്ക് ഭൂമി നൽകുന്നതിന് 25 കോടി രൂപയുടെ സ്പോൺസർഷിപ്പും ലഭിച്ചിട്ടുണ്ട്. ഭവനരഹിതർക്കുള്ള ഭൂമി കണ്ടെത്താൻ നടത്തുന്ന കാമ്പെയിൻ ശക്തിപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story