Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:28 AM IST Updated On
date_range 15 April 2022 5:28 AM ISTകുണ്ടറ വിഷു സപ്ലിമെന്‍റ് 2
text_fieldsbookmark_border
കുണ്ടറയുടെ ചരിത്രവും കാഴ്ചയും (ചിത്രം) കുണ്ടറ പ്രശസ്തമായ ചരിത്രമുറങ്ങുന്ന മണ്ണാണ്. ആര്യവൈദ്യത്തിന്‍റെ പാരമ്പര്യം പേറുന്ന മണ്ണ്. മുക്കൂട്ടിൽ ആര്യവൈദ്യ കുടുംബം കാൽനൂറ്റാണ്ട് മുമ്പ് വരെ പ്രശസ്തമായിരുന്നു. ഒപ്പം ആയുർവേദ വൈദ്യന്മാരുടെ കുടുംബങ്ങളും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമായി. നാട്ടിലെ തർക്കങ്ങൾ നാട്ടുപ്രമാണിമാരുടെ സാന്നിധ്യത്തിൽ പരിഹരിച്ചിരുന്ന പരഹാരക്കോടിന്‍റെ ചരിത്രം ഇന്ന് അവിടെ താമസിക്കുന്നവർക്ക് പോലും അറിയാതെയായി. പടയാളികളുടെ വാസസ്ഥലമായിരുന്ന പടപ്പക്കര ഇന്ന് മിക്കവാറും സർക്കാർ ഉദ്യോഗസ്ഥരുടെയും മത്സ്യബന്ധനതൊഴിലാളികളുടെയും പ്രവാസികളുടെയും നാടായി. മനുഷ്യരും മനുഷ്യബന്ധങ്ങളിലും വലിയ വലിയ മാറ്റം വന്നപ്പോൾ മങ്ങാതെ മായാതെ തുടരുന്നത് പ്രകൃതിയുടെ സൗന്ദര്യം മാത്രമാണ്. അധഃസ്ഥിതരുടെ ഉയിർെത്തഴുന്നേൽപ്പിന് ആക്കം കൂട്ടിയ കല്ലുമാല സമരത്തിന് വേദിയായ പെരിനാടും അതിനെ തുടർന്നുണ്ടായ പെരിനാട് വിപ്ലവത്തിന്‍റെ രക്തപങ്കിലമായ ചരിത്രങ്ങളുമാണ് ഈ മണ്ണിന്‍റെ സ്വന്തം. അയ്യൻകാളിയും എരുമേലി പരമേശ്വരൻപിള്ളയും വിപ്ലവവീര്യം പകർന്ന് സഞ്ചരിച്ച പാതകളുണ്ട് ഇവിടെ. വേലുത്തമ്പിദളവയും മാന്ത്രികനായ കടയാറ്റുണ്ണിത്താനും തമ്മിലുള്ള ബന്ധം. ഉണ്ണിത്താന്‍റെ മാന്ത്രികവിദ്യ ഉപയോഗിച്ച് ബ്രിട്ടീഷ് പട്ടാളത്തെ തുരത്താമെന്ന് വിശ്വസിച്ച് കുണ്ടറയിൽ നിന്ന് കടയാറ്റേക്ക് വേലുത്തമ്പി എത്തിയ ചരിത്രമുഹൂർത്തത്തിന് സാക്ഷിയായിട്ടുമുണ്ട് കുണ്ടറ. കൊല്ലത്തിന്‍റെ നെല്ലറയായിരുന്ന ചിറ്റുമല ഏലായുടെയും മതിലകം റാണിയുടെയും സമൃദ്ധി പകർന്ന െഎശ്വര്യഭൂതകാലവുമുണ്ട്. വേലുത്തമ്പിദളവ സ്മരകവും കുണ്ടറ വിളംബര സ്മാരകവും അയ്യൻകാളിസ്മാരകവും രാമൻ-സുലൈമാൻ സ്മാരകവും കുണ്ടറയിൽ സ്ഥിതിചെയ്യുന്നു. സായിപ്പിന്‍റെ പേരിൽ ഒരു ചെറു നാട്ടുപ്രദേശം-മൺറോതുരുത്ത്-നിലനിൽക്കുകയും ചെയ്യുന്നുണ്ട്. കുണ്ടറയുടെ ചരിത്രസ്മാരകങ്ങൾ കാണാൻ, കുണ്ടറയുടെ ചരിത്രഭൂമിയിൽ പാദമൂന്നാൻ, അതിമനോഹരമായി പ്രകൃതിദൃശ്യങ്ങൾ കാണാൻ, കാഞ്ഞിരോട്ട് കായലിലെ കരിമീനിന്‍റെ രുചിഭേദങ്ങൾ നുകരാൻ കുണ്ടറയിലേക്ക് തന്നെ എത്തണം. ഈ സുന്ദര സുരഭില സ്മരണകൾക്കും കാഴ്ചകൾക്കും ഒപ്പം ദുരന്തകാഴ്ചകളും കുണ്ടറയിൽ കാണാം. ഒരു കാലത്ത് വ്യവസായങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന കുണ്ടറ ഇന്ന് അവയുടെ ശവപ്പറമ്പാണ്. കാലയവനികക്കുള്ളിൽ മറഞ്ഞ ലക്ഷ്മി സ്റ്റാർച്ച് ഫാക്ടറിയുടെ കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി കാണാം. ട്രാവൻകൂർ കെമിക്കൽസ് ഫാക്ടറി നിന്നിടം കുഴിച്ച് മണ്ണ് കടത്തിയ ഭൂമിയും കാണാം. സർക്കാൻ ഉടമസ്ഥതയിലുള്ള പാതി പ്രവർത്തനം നിലച്ച കേരള സിറാമിക്സ് കാണാം. കേരള അലൈഡ് ലിമിറ്റഡ് എന്ന കെൽ കമ്പനി കാണാം. കാൽനൂറ്റാണ്ടിലധികമായി പൂട്ടിക്കിടക്കുന്ന കുണ്ടറയുടെ തിലകക്കുറിയായിരുന്ന അലിന്‍റ് ഫാക്ടറിയുടെ കാടുപിടിച്ച ഏക്കറുകണക്കിന് ഭൂമി കാണാം. വ്യവസായിക പ്രതാപത്തിന്‍റെ ദുരന്തകാഴ്ചകൾ കണ്ട് നെടുവീർപ്പിടുകയും ആകാം. .................................................... മൺറോതുരുത്തിലെ ഓളവും തീരവും (ചിത്രം) പച്ചപ്പുകളുടെയും ജലപ്പരപ്പുകളുടെയും പൂരപ്പറമ്പാണ് മൺറോതുരുത്ത്. ഇടത്തോടുകളിലൂടെയുള്ള വഞ്ചിയാത്രയും അവാച്യമായ അനുഭവമാണ്. വിദേശികൾ മാത്രം ഒരു കാലത്ത് വന്നിരുന്ന തുരുത്തിൽ ഇപ്പോൾ ഏറെയും വരുന്നത് സ്വദേശികളാണ്. ഹോം സ്റ്റേകളും ശിക്കാരിവള്ളങ്ങളും ബോട്ടുകളും സജീവമാണ്. മൺറോതുരുത്തിൽ ചരിത്രമുറങ്ങുന്ന ഒരു പ്രത്യേക കാഴ്ചയുണ്ട്. അധികം ജനശ്രദ്ധയിൽ എത്തിയിട്ടില്ലാത്ത ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന 'വേടൻ ചാടിമല' യുടെ കാഴ്ച. പെരിങ്ങാലം വാർഡിലാണ് ഈ മല സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് കരമാർഗം എത്താൻ യാതൊരു സംവിധാനവും ഇതുവരെ ഇല്ലാത്തതാണ് ഈ മലയുടെ രക്ഷ. ടിപ്പറും മണ്ണ്മാന്തിയും എത്താൻ വഴി ഒരുങ്ങിയിരുന്നെങ്കിൽ ഈ മല എന്നേ ഇടിച്ച് കടത്തിയേനെ. ചരിത്രമായാലും ഐതിഹ്യമായാലും നാടിനോട് ചേർന്ന് നിൽക്കുന്ന ഒരു ഓർമയായി ഈ മല നിലനിർത്തുന്നത് ഇവിടത്തെ വിനോദസഞ്ചാരത്തിന് മുതൽകൂട്ടാകും. വള്ളത്തിലും ബോട്ടിലും ദൂരെ നിന്നെത്തുമ്പോൾ മാനോഹരമായ കാഴ്ചയുമാണിത്. അതിനാൽതന്നെ ഇത് സംരക്ഷിക്കപ്പടേണ്ടതും ടൂറിസം മാപ്പിൽ ഇടം പിടിക്കേണ്ടതുമാണ്. ഇപ്പോൾ മല പകുതിയും കാണാൻ കഴിയാത്ത വിധം മരങ്ങൾ വളർന്നിട്ടുണ്ട്. അത് വെട്ടിമാറ്റി സഞ്ചാരികൾക്ക് വിശ്രമിക്കാനായി മലയുടെ താഴ്വാരത്ത് ചെറിയ പാർക്കും ഇരിപ്പിടങ്ങളും നിർമിക്കുന്നത് ഗുണകരമായിരിക്കും. ഐതിഹ്യവും പൈതൃകവും പേറുന്ന പെരുങ്ങാലം വേടൻചാടിമല അഷ്ടമുടിക്കായലിന്‍റെ തീരത്തെ ഒരു മനോഹര ദൃശ്യമാണ്. ടൂറിസ്റ്റ് ഭൂപടത്തിൽ പെരിങ്ങാലം സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും വേടൻ ചാടിമല ഇനിയും ടൂറിസ്റ്റുകളുടെയും ഗൈഡുകളുടെയും ശ്രദ്ധയിൽ അത്ര പ്രാധാന്യത്തോടെ വന്നിട്ടില്ല. സത്യവും മിഥ്യയും കഥയും കഥയില്ലായ്മയും ചേർന്നതാണ് വേടൻചാടിമലയെക്കുറിച്ച് പുതുതലമുറക്ക് കിട്ടുന്ന വിവരങ്ങൾ. പണ്ട് ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു. വേടർവിഭാഗമാണ് മലയിൽ താമസിച്ചിരുന്നത്. കായലിലെ മത്സ്യംപിടിച്ചും വനവിഭവങ്ങൾ ശേഖരിച്ചുമാണ് അവർ കഴിഞ്ഞിരുന്നത്. ഇവർ ഇങ്ങനെ സ്വസ്ഥമായി സുഖമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന കാലത്ത് കാഷായധാരിയായ ഒരു യുവാവ് ധ്യാനത്തിനായി ഇവിടെ എത്തി. ഒരു വേടകുടുംബത്തോട് ഈ കാഷായധാരി തെറ്റുചെയ്തു. ദുഃഖം സഹിക്കാനാകാതെ വേടൻ കാഷായധാരിയെ 'പെരുങ്കാലാ' എന്നു ശപിച്ചിട്ട് മലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തെന്നാണ് പഴമക്കാരുടെ വിശ്വാസം. അങ്ങനെയാണ് ഈ മലയ്ക്ക് വേടൻചാടിമല എന്ന പേരു വന്നത്. പെരുങ്കാലാ എന്നു ശപിച്ചതിനാൽ ഈ പ്രദേശത്തിന് പെരുങ്ങാലം എന്ന പേരും വന്നു. മൺറോതുരുത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്-പെരുങ്ങാലം. പെരുങ്ങാലത്ത് എത്തണമെങ്കിൽ വള്ളവും ബോട്ടും തന്നെ ശരണം. ഇവിടേക്ക് എത്താൻ റോഡ് മാർഗം ഇനിയും വികസിച്ചിട്ടില്ല. കാൽനടയായി പെരുങ്ങാലത്തേക്ക് എത്താമായിരുന്ന ഏക മാർഗം കൊന്നയിൽകടവ് പാലമായിരുന്നു. 1992 ലെ വെള്ളപ്പൊക്കത്തിൽ അത് ഒലിച്ചുപോയി. സത്യമായാലും മിഥ്യയായാലും ഒരു ഐതിഹ്യമുറങ്ങുന്നിടമാണ് പെരുങ്ങാലം. വിനോദസഞ്ചാര സാധ്യത ഏറെയുള്ള സ്ഥലമാണ്. അത് പ്രയോജനപ്പെടുത്താനും പുതുതലമുറക്ക് കഥയും കെട്ടുകഥയും ഇഴപിരിയാതെ കിടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാനുമുള്ള അവസരം ഉണ്ടാകണം. അതിന് സർക്കാർ തലത്തിൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. പെരുങ്ങാലം തോട്ടത്തിൽക്കടവുമുതൽ ധ്യാനതീരം, വേടൻചാടിമല, പുലിവട്ടം വരെ തീരപ്രദേശത്ത് നടപ്പാത നിർമിച്ചാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ഇതിനുള്ള നടപടികൾ കഴിഞ്ഞ പഞ്ചായത്ത് സമിതിയുടെ കാലത്ത് തുടക്കമിട്ടിരുന്നു. അത് ഫയലുകളിൽ ഉറങ്ങുകയാണ്. വേടൻചാടിമലയെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്ത് സംരക്ഷിക്കേണ്ട സ്ഥലമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ സാമ്പ്രാണിക്കോടി, പള്ളിയാതുരുത്ത്, ഇടച്ചാലിൽ ഡച്ചുപള്ളി ഭാഗത്തെ കണ്ടൽക്കാടുകൾ എന്നിവ ബന്ധപ്പെടുത്തി ബോട്ടിങ് ഏർപ്പെടുത്തണം. വേടൻചാടിമലമുകളിലും താഴെയും വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാൻ പ്രകൃതിക്കിണങ്ങിയ മനോഹരവും പരിസരസൗഹൃദവുമായ നിർമിതികൾ ഉണ്ടാകുന്നത് വിനോദ സഞ്ചാരികളെ ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story