Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:45 AM IST Updated On
date_range 2 Aug 2022 12:45 AM ISTജോലിഭാരം വർധിപ്പിച്ച ഉത്തരവ്; 1500ൽപരം കോളജ് അധ്യാപക തസ്തിക ഇല്ലാതാകുമെന്ന് സർക്കാർ സമിതി റിപ്പോർട്ട്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജും സിംഗിൾ ഫാക്കൽറ്റി വിഷയങ്ങളിൽ നിയമനത്തിന് 16 മണിക്കൂർ ജോലിഭാരവും നിർബന്ധമാക്കിയ സർക്കാർ ഉത്തരവിലൂടെ 1500ൽപരം കോളജ് അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഇതിന് ആധാരമായ 2020 ഏപ്രിൽ ഒന്നിലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണമെന്നും കോളജ് വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡി.കെ. സതീഷിന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു മണിക്കൂർ പി.ജി അധ്യാപനം ഒന്നരമണിക്കൂറായി പരിഗണിച്ചുള്ള വെയ്റ്റേജ് പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ഗുണനിലവാരത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പി.ജി വെയ്റ്റേജ് ഇല്ലാതായതോടെ മാത്രം കോളജുകളിൽ 1100ഓളം അധ്യാപക തസ്തികകൾ ഇല്ലാതാകും. ഈ തൊഴിൽ നഷ്ടം നിലവിലുള്ള പി.ജി/ ഗവേഷക വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. ഇത് മികച്ച അധ്യാപകരെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലഭ്യമാക്കുന്നതിന് തടസ്സമാകും. 16 മണിക്കൂറിൽ കുറവ് ജോലിഭാരമുള്ള സിംഗിൾ ഫാക്കൽറ്റി വിഷയങ്ങളിൽ സ്ഥിരം തസ്തിക ഇല്ലാതാക്കുന്നത് 250ന് മുകളിൽ തസ്തിക നഷ്ടത്തിന് വഴിവെക്കും. അധിക തസ്തികക്ക് 16 മണിക്കൂർ നിബന്ധന നിർബന്ധമാക്കുന്നതോടെ 300ൽപരം തസ്തികകൾ ഇല്ലാതാകും. 2020 ഏപ്രിൽ ഒന്നിലെ ഉത്തരവ് സ്ഥിരം അധ്യാപകരുടെ എണ്ണം കുറക്കാനും ഗെസ്റ്റ് അധ്യാപകരുടെ എണ്ണം വർധിക്കാനും ഇടയാക്കും. ഇത് അധ്യാപനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. പ്രത്യാഘാതങ്ങൾ പരിഗണിച്ച് പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കണമെന്നും ആറ് മണിക്കൂർ ജോലിഭാരം ഉണ്ടെങ്കിൽ സിംഗിൾ ഫാക്കൽറ്റി വിഷയങ്ങളിൽ സ്ഥിരം തസ്തിക അനുവദിക്കണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞത് ഒമ്പത് മണിക്കൂർ ജോലിഭാരത്തിന് അധിക തസ്തിക അനുവദിക്കണം. ജോലിഭാരം നോക്കാതെ അധ്യാപകർക്ക് നിയമപ്രകാരം അവകാശപ്പെട്ട സ്ഥലം മാറ്റം അനുവദനീയമാക്കി ഉത്തരവ് ഭേദഗതി ചെയ്യണം. 16 മണിക്കൂറിൽ താഴെ ജോലിഭാരമുള്ള തസ്തികകളിലെ അധ്യാപകരെ റിലീവ് ചെയ്താൽ തസ്തിക ഇല്ലാതാകുമെന്ന ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കണം. എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാരുടെ അഞ്ച് മണിക്കൂർ അധ്യാപന ജോലിഭാരം ഒഴിവാക്കണം. യു.ജി.സി റെഗുലേഷനിൽ പറയുന്നതുപോലെ അസോസിയേറ്റ് പ്രഫസർ / പ്രഫസർ തസ്തികകളിലെ അധ്യാപന ജോലിഭാരം 14 മണിക്കൂർ എന്ന് പുതുക്കി നിശ്ചയിക്കണം. 2020 മേയ് 31ന് മുമ്പ് വിജ്ഞാപനം ചെയ്യുകയും ഈ തീയതിക്കുശേഷം നടന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നും റിപ്പോർട്ടിലുണ്ട്. കേരള വർമ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കെ.എസ്. ജയചന്ദ്രൻ, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് മുൻ അസോ. പ്രഫസർ ഡോ.കെ.പി. സുകുമാരൻ നായർ എന്നിവർ അംഗങ്ങളായ സമിതിയുടെ റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story