Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:31 AM IST Updated On
date_range 12 March 2022 5:31 AM ISTവസ്തുകൈമാറ്റ രജിസ്ട്രേഷൻ: 12 വര്‍ഷത്തിനിടെ ന്യായവില കൂട്ടിയത് 120 ശതമാനത്തിലേറെ
text_fieldsbookmark_border
തിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്ട്രേഷനിലൂടെ വരുമാനം വർധിപ്പിക്കാൻ ഭൂമിയുടെ ന്യായവില 12 വര്‍ഷത്തിനിടെ, വർധിപ്പിച്ചത് 120 ശതമാനത്തിലേറെ. 2010 ഏപ്രില്‍ ഒന്നിനാണ് നിലവിലെ അടിസ്ഥാന ന്യായവില രജിസ്റ്റര്‍ പുറത്തിറക്കിയത്. അതില്‍ ഒരു ലക്ഷം നിശ്ചയിച്ച ഭൂമിക്ക് നിലവില്‍ രണ്ടു ലക്ഷം രൂപയാണ് ന്യായവില. അത് അടുത്ത മാസം മുതല്‍ 2.20 ലക്ഷം രൂപയാകും. നോട്ട് നിരോധനം, കോവിഡ്, റബർ വിലയിടിവ് തുടങ്ങിയ പ്രതിസന്ധികള്‍ കാരണം ഭൂമിയുടെ വിപണി വില ഗണ്യമായി കുറഞ്ഞു. ഹൈവേ, ജങ്ഷനുകള്‍, പാതയോര ഭൂമി, വീട് നിർമിക്കാനുള്ള ഭൂമി എന്നിവക്ക് വില കൂടിയിട്ടുണ്ട്. എന്നാല്‍, വാങ്ങാനാളില്ലാത്തതുകാരണം കൃഷി ഭൂമിയുടെ വില ഗണ്യമായി കുറഞ്ഞു. പൊതുമരാമത്ത് പാതയോരത്തെ വസ്തുവിന് 10 വര്‍ഷം മുമ്പ് അഞ്ച് ലക്ഷമായിരുന്നു വില. നിലവിൽ അത് 10 ലക്ഷമായി. ഈ വില അടിസ്ഥാനമാക്കി സ്വകാര്യ പാതയോരത്തെ ഭൂമിക്കും വിലകാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തണമെന്നാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥരുടെ നിർദേശം. ഇതുമൂലം ഭൂമികൈമാറ്റ രജിസ്ട്രേഷൻ താളംതെറ്റിയ നിലയാണ്. ന്യായവില ഘട്ടംഘട്ടമായി കൂട്ടിയപ്പോൾ കുറ്റമറ്റ രീതിയിൽ ഭൂമിയുടെ ക്ലാസിഫിക്കേഷൻ നിശ്ചയിക്കാത്തത് രജിസ്റ്ററിങ് ഉദ്യോഗസ്ഥർക്ക് ചാകരയായി. ഹൈവേ ഓരത്തും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഭൂമിക്ക് ഒരുപോലെയാണ് ന്യായവില കൂട്ടിയത്. വർഷങ്ങളെടുത്താണ് ന്യായവില നിശ്ചയിച്ചത്. എന്നിട്ടും തെറ്റുകളുടെ പരമ്പരയാണ്. ഭൂനികുതി അടയ്ക്കുന്നതും അവകാശ രേഖകളുള്ളതും ബാങ്കില്‍ പണയപ്പെടുത്തി വായ്പയെടുത്തതുമടക്കം സ്വകാര്യഭൂമി സർക്കാർ ഭൂമിയായാണ് ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകാരണം മക്കൾക്ക് വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്യാൻ പോലും കഴിയുന്നില്ല. മിക്ക വില്ലേജിലും പൂർണമായി ന്യായവില നിശ്ചയിച്ചിട്ടില്ല. നിരവധി വില്ലേജുകളിലെ നൂറുകണക്കിന് സർവേ നമ്പറുകൾ ന്യായവില പട്ടികയിൽ കാണാനില്ല. നിലവിലെ ന്യായവില അസാധുവാക്കി പുതുക്കി നിശ്ചയിക്കാൻ ഒന്നാം പിണറായി സര്‍ക്കാര്‍ പദ്ധതി തയാറാക്കിയെങ്കിലും പാളി. 2018ലെ കേരളപ്പിറവിദിനത്തിൽ ആരംഭിച്ച് മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് ന്യായവില നിശ്ചയിക്കൽ പദ്ധതിക്കായി കമ്മിറ്റികൾ രൂപവത്കരിച്ചതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. ജോലിഭാരം വർധിക്കുമെന്ന പരാതിയുമായി സർക്കാർ അനുകൂല ജീവനക്കാരുടെ സംഘടന സമ്മർദം ചെലുത്തിയതിനെ തുടർന്ന് പദ്ധതി നിർത്തിവെക്കുകയായിരുന്നു. -എസ്. വിനോദ് ചിത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story