Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:06 AM IST Updated On
date_range 13 Aug 2022 12:06 AM ISTടി.കെ.എം സപ്ലിമെന്‍റ് പേജ് 1
text_fieldsbookmark_border
സ്നേഹ നിലാവ് 1956ൽ, വികസനവഴിയിൽ പിന്നാക്കം നിൽക്കുകയായിരുന്ന കൊല്ലത്തിന്‍റെ മണ്ണിൽ സ്വകാര്യ കോളജിന് തറക്കല്ലിടാൻ എത്തിയതായിരുന്നു അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്. സ്വന്തം അധ്വാനത്തിന്‍റെ വലിയൊരു പങ്ക് മുടക്കി നാടിനായി ഒരു കോളജ് പണിയുന്ന തങ്ങൾ കുഞ്ഞ് മുസ്ലിയാർ എന്ന മുതലാളി അദ്ദേഹത്തെ ശരിക്കും അമ്പരപ്പിച്ചിരുന്നു. അത്ഭുതം നിറഞ്ഞ സ്വരത്തിൽ കരിക്കോട്ടെ, വേദിയിൽവെച്ച് അദ്ദേഹം പറഞ്ഞു -''എല്ലാ സമ്പന്നരും തങ്ങൾ കുഞ്ഞ് മുസ്ലിയാരെ പോലെ ആയിരുന്നെങ്കിൽ ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായേനെ''. എല്ലാ സമ്പന്നരും അങ്ങനെയായില്ലെങ്കിലും, തന്‍റെ മൂല്യബോധങ്ങളുടെ അച്ചിൽ തന്നെപ്പോലൊരാളെ തങ്ങൾ കുഞ്ഞ് മുസ്ലിയാർ തന്നെ വാർത്തെടുത്തു. 'ടി.കെ.എം' എന്ന പ്രസ്ഥാനത്തെ ചുമലിലേറ്റി, തനിക്ക് പിൻഗാമിയായി എത്തുന്നയാൾ തന്നെപ്പോലെ തന്നെയാകണമെന്ന് ആ ധിഷണാശാലിക്ക് നിർബന്ധമുണ്ടായിരുന്നു. നേടുന്നതിനെക്കാൾ നൽകുന്നതിൽ നിർവൃതി കണ്ടെത്തുക എന്ന പാഠം പകർന്ന് അദ്ദേഹം നാടിന് സമ്മാനിച്ച പിൻഗാമിയാണ് ഡോ. ടി.കെ. ഷഹാൽ ഹസൻ മുസ്ലിയാർ. സഹജീവി സ്നേഹത്തിലും സഹായമനഃസ്ഥിതിയിലും എളിമയിലും പിതാവിന്‍റെ പാത പിന്തുടരുന്ന മകൻ. ആ മൂല്യബോധത്തിന്‍റെ ഇഴനൂൽ പൊട്ടാതെ ടി.കെ.എം എന്ന മഹാപ്രസ്ഥാനത്തെ അരനൂറ്റാണ്ട് കാലമായി നയിക്കുന്ന സൗമ്യതയുടെ നിറദീപം നവതിയുടെ ദീപ്തപ്രഭയിലാണ്. ഇക്കാലയളവിൽ വ്യവസായ, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നാടിന്‍റെ പുരോഗതിയിൽ സ്വന്തം പേരും എഴുതിച്ചേർത്ത മികവിന്‍റെ പേരുകൂടിയാണ് ഡോ. ഷഹാൽ ഹസൻ മുസ്ലിയാർ. 'ടി.കെ.എം' എന്ന വൻവൃക്ഷത്തിനുമേൽ പൊഴിയുന്ന സ്നേഹത്തിന്റെ നറുനിലാവ് അങ്ങനെ നാടിനും പ്രിയപ്പെട്ട വെളിച്ചമായി ശോഭിക്കുന്നു. സ്നേഹാദരവുമായി കൊല്ലം പൗരാവലിയും ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നിയും ചേർന്ന് നവതിയാശംസ നേരാൻ വേദിയൊരുങ്ങുമ്പോൾ ആദരവർപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story