Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർമല...

നിർമല മുങ്ങിയെടുക്കുന്നത് ജീവിതമാണ്

text_fields
bookmark_border
തിരുവനന്തപുരം: പെൺകുഞ്ഞ്​ ജനിച്ചതറിഞ്ഞ് കുടുംബത്തെ ഉപേക്ഷിച്ചുപോയ അച്ഛൻ, ആ ആഘാതത്തിൽ മാനോനില തെറ്റിയ അമ്മ, ഒരുഗതിയും ഇല്ലാതായതോടെ കുടുംബം പട്ടിണിയാവാതിരിക്കാൻ വീട്ടുജോലിക്കിറങ്ങിയ അമ്മൂമ്മ, ചാറ്റൽ മഴയത്തുപോലും കുടനിവർത്തി ഇരിക്കേണ്ടിവരുന്ന വീട്. സ്റ്റാർട്ടിങ് വിസിലിന് മുമ്പേ നീന്തൽകുളത്തിലെ ട്രാക്കിൽ നിർമല കാണുന്ന തന്‍റെ ജീവിതമാണിതൊക്കെ. ഈ ജീവിതത്തോട് മല്ലടിച്ചാണ് ഓരോ മെഡലും അവൾ മുങ്ങിയെടുക്കുന്നത്. കരുതലിനും തുണക്കും ആരുമില്ല. പക്ഷേ അതിജീവിക്കണം, ആ നിശ്ചയദാർഢ്യമാണ് പ്രഥമ കേരള ഗെയിംസിലെ നീന്തലിൽ തുഴഞ്ഞെടുത്ത രണ്ട് സ്വർണമെഡലും ഒരു വെള്ളിയും. ഏത് ദുരിതത്തെയും താണ്ടാനുള്ള ചങ്കുറപ്പ് തന്‍റെ പേരക്കുട്ടിക്ക് വേണമെന്ന ആഗ്രഹവുമായാണ് തിരുവനന്തപുരം വെഞ്ഞാറമൂട് അലത്തറ കുന്നത്തുവിള പുത്തൻവീട്ടിൽ ആർ. നിർമലയെ അമ്മൂമ്മ ശ്യാമള തങ്ങളുടെ വീടിനടുത്തുള്ള ശ്രീശാസ്ത നീന്തൽ ക്ലബിൽ അഞ്ചാം വയസ്സിൽ കൊണ്ടാക്കുന്നത്. വീടിനടുത്തുള്ള നീന്തൽകുളത്തിൽ ആൺകുട്ടികൾക്കൊപ്പം അവൾ നീന്തിപ്പഠിച്ചു. പിന്നീട്​ അവർക്ക് മുന്നേ അവൾ നീന്തി. ആറാം ക്ലാസിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെത്തി. ഇവിടത്തെ ആറുവർഷത്തെ കഠിനമായ പരിശീലനം നിർമലയെ കേരളമറിയപ്പെടുന്ന നീന്തൽ താരമാക്കി. വിവിധ പ്രായവിഭാഗങ്ങളിലായി നിർമല ഇതുവരെ നേടിയത് 23 സംസ്ഥാന മെഡലുകളാണ്. വിശപ്പിനെ അതിജീവിച്ച് നേടിയ മെഡലെല്ലാം ഇവർ സമർപ്പിക്കുന്നത് അമ്മൂമ്മ ശ്യാമളക്കും. ബംഗളൂരുവിൽ നടന്ന ഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസിൽ നേടിയ വെങ്കല മെഡലിന്റെ തിളക്കത്തിലാണ് നിർമല കേരള ഗെയിംസിൽ മത്സരിക്കാനെത്തിയത്. 800 മീ.ഫ്രീസ്റ്റൈൽ, 4X200 ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിൽ സ്വർണം നേടിയ താരം ഇന്നലെ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ വെള്ളി നേടി. തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന അമ്മൂമ്മ ശ്യാമളക്കും ഒന്നും തിരിച്ചറിയാതെ നിറകണ്ണുകളോടെ ഇരിക്കുന്ന അമ്മ രജനിക്കും താങ്ങാകാൻ ഈ താരത്തിന് ഇനിയും ജീവിതത്തിൽ ഏറെ മുന്നേറേണ്ടതുണ്ട്. അതിനുള്ള ചങ്കുറപ്പും നിർമലക്കുണ്ട്. -സ്വന്തം ലേഖകൻ 800 മീ.ഫ്രീസ്റ്റൈൽ സ്വർണവുമായി ആർ. നിർമല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story