Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:33 AM IST Updated On
date_range 7 May 2022 5:33 AM ISTകെ.എസ്.ആർ.ടി.സി: ബദൽ ഇന്ധനക്രമീകരണം പ്രഹരം കുറക്കും
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ധനം വാങ്ങലിൽ ഹൈകോടതി ഉത്തരവ് അനുകൂലമല്ലെങ്കിലും പ്രതിസന്ധിയുടെ തുടക്കത്തിൽ കെ.എസ്.ആർ.ടി.സി ഒരുക്കിയ ബദൽ സംവിധാനം പ്രഹരം കുറക്കും. ഫെബ്രുവരി 16 മുതലാണ് ബൾക്ക് പർച്ചേസ് വിഭാഗത്തിനുള്ള ഇന്ധനവില ഇന്ധനക്കമ്പനികൾ വിപണി വിലയേക്കാൾ കുത്തനെ ഉയർത്തിയത്. അന്ന് മുതൽ സ്വന്തം ചില്ലറ വിൽപന പമ്പുകളായ യാത്രാഫ്യുവൽസിൽനിന്നും സ്വകാര്യ പമ്പുകളിൽനിന്നും വിപണി വിലക്കാണ് കെ.എസ്.ആർ.ടി.സി ഇന്ധനം വാങ്ങുന്നത്. ഒരു ലിറ്റർ ഡീസൽ പോലും ഉയർന്ന വില നൽകി വാങ്ങിയിട്ടില്ല. വിപണി വിലക്ക് കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്ക് ശേഷവും ഇതിന് കഴിഞ്ഞിട്ടില്ല. ഫലത്തിൽ കോടതിയിൽനിന്ന് അനുകൂല വിധിയുള്ളപ്പോഴും പുറത്തുനിന്നാണ് കെ.എസ്.ആർ.ടി.സി ഇന്ധനം വാങ്ങിയിരുന്നത്. ഡീസൽ വാങ്ങാനുള്ള ഓർഡറുകൾ ഓൺലൈനിലാണ് നൽകേണ്ടത്. എന്നാൽ ഇതിന് സാധിക്കാത്തവിധം 'ഓൺലൈൻ തടസ്സങ്ങളാ'ണ് പോർട്ടലുകളിൽനിന്ന് കെ.എസ്.ആർ.ടി.സി നേരിടുന്നത്. ഇന്ധനക്കമ്പനികളുടെ പോർട്ടലുകളിൽനിന്ന് അനൗദ്യോഗികമായി കെ.എസ്.ആർ.ടി.സിയെ ബ്ലോക്ക് ചെയ്തതിന് സമാനമായ സഹചര്യമാണുള്ളത്. നടപടിക്രമങ്ങളും ജോലിയും കൂടുതലാണെന്നതാണ് കമ്പനികളിൽനിന്ന് ബൾക്ക് പർച്ചേസർ എന്ന നിലയിൽ നേരിട്ടുവാങ്ങുന്നതിനെ അപേക്ഷിച്ച് ചില്ലറ വിൽപന ശാലകളിൽനിന്ന് വാങ്ങുമ്പോൾ കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രായോഗിക പ്രയാസം. യാത്ര ഫ്യുവൽസ് ഇല്ലാത്ത സ്ഥലങ്ങളിൽ പ്രാദേശികമായാണ് ഡീസൽ വാങ്ങുന്നത്. ഓരോ വാങ്ങലുകൾക്കും കണക്കും പണമടക്കലുമെല്ലാം സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നതാണ് വെല്ലുവിളി. ബൾക്ക് പർച്ചേസർ എന്ന നിലയിലാണെങ്കിൽ ഒരുതവണയുള്ള പർച്ചേസും പേയ്മെന്റുമേ ഉള്ളൂവെന്നതിനാൽ നടപടിക്രമങ്ങളിൽ സങ്കീർണത കുറവായിരിക്കും. കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൻെറ നല്ലൊരു ശതമാനവും വിനിയോഗിക്കുന്നത് ഇന്ധനച്ചെലവിനാണ്. ബൾക്ക് പർച്ചേസ് ഇനത്തിൽ ഡീസൽ വാങ്ങുന്ന ഘട്ടങ്ങളിൽ തുക പിന്നീട് നൽകുകയാണ് ചെയ്യുന്നത്. ചെറിയ കാലയളവിലേക്ക് ഇന്ധനക്കമ്പനികൾ കുടിശ്ശികയും അനുവദിച്ചിരുന്നു. എന്നാൽ വാങ്ങൽ ചെറുകിട പമ്പുകളിലേക്ക് മാറിയതോടെ അന്നന്ന് തന്നെ പണമടയ്ക്കണം. മുമ്പ് ഡീസൽ തുക തൽക്കാലത്തേക്ക് വകമാറ്റിയാണ് ശമ്പളത്തിന് പണം കണ്ടെത്തിയിരുന്നത്. പുതിയ സാഹചര്യത്തിൽ ഇതിന് കഴിയില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story