Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:32 AM IST Updated On
date_range 7 May 2022 5:32 AM ISTബസ് സമരം, ആശ്വാസമായി സമാന്തര സർവിസുകൾ
text_fieldsbookmark_border
തിരുവനന്തപുരം: പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി നിരത്തുകളിൽ നിന്ന് പിൻവാങ്ങിയതോടെ ദേശീയപാതയിലും എം.സിയിലുമടക്കം യാത്രക്കാർക്ക് ആശ്വാസമായത് സമാന്തര സർവിസുകൾ. പ്രധാന ഡിപ്പോകൾക്ക് മുന്നിലെല്ലാം തലസ്ഥാനത്തേക്കെത്താൻ യാത്രക്കാരുടെ വലിയ കൂട്ടമായിരുന്നു. രാവിലെ ഏഴിന് ബസ് കാത്തുനിന്നവർക്ക് ഒമ്പതിന് പോലും ബസ് കിട്ടിയിരുന്നില്ല. ഒറ്റപ്പെട്ട് എത്തിയിരുന്ന ബസുകളിലാകട്ടെ കാലുകുത്താനിടയില്ലാത്ത വിധം തിരക്കും. ഈ സാഹചര്യത്തിലാണ് സമാന്തര സർവിസുകൾ രംഗത്തെത്തിയത്. കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് മുന്നിൽ നിന്നാണ് ഇവർ യാത്രക്കാരെ കയറ്റിയത്. ഫാസ്റ്റ് പാസഞ്ചറിന്‍റെ ചാർജായിരുന്നു ഈടാക്കിയതും. അധിക തുക അങ്ങോട്ട് നൽകാനും യാത്രക്കാർ തയാറായി. കൃത്യമായ ഇടവേളകളിലായിരുന്നു ഇവരുടെ സർവിസുകൾ. തരക്കേടില്ലാത്ത വരുമാനമാനവും ഇവർക്ക് കിട്ടി. സർക്കാർ ജീവനക്കാർ പലരും സ്വന്തം നിലക്ക് വാഹനങ്ങൾ തരപ്പെടുത്തിയാണ് യാത്ര ചെയ്തത്. എം.സി റോഡിലും എൻ.എച്ചിലും മാത്രമല്ല മറ്റിടങ്ങളിലും സമാന്തരസർവിസുകൾ നടന്നു. പണിമുടക്കിനെ തുടർന്ന് തലസ്ഥാനജില്ലയിലെ ഭൂരിഭാഗം സർവിസുകളും മുടങ്ങി. പാലോട്, നെയ്യാറ്റിൻകര, കാട്ടാക്കട, വെഞ്ഞാറമൂട് ഡിപ്പോകളിൽ ഒരു സർവിസ് പോലും നടന്നില്ല. കിളിമാനൂർ, ആറ്റിങ്ങൽ ഡിപ്പോകളിൽ ഓരോന്നുവീതവും സിറ്റിയിൽ രണ്ടും പാറശ്ശാലയിൽ എട്ടും പേരൂർക്കടയിൽ പത്തും ബസുകളാണ് നിരത്തിലിറങ്ങിയത്. പണിമുടക്കിയ ജീവനക്കാർ ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങളും ചേർന്നു. അതേസമയം രാത്രിയോടെ ദീർഘദൂര സർവിസുകൾ ഓടിത്തുടങ്ങിയിരുന്നു. ശമ്പളവിതരണം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി, പ്രതിപക്ഷ സംഘടനകളായ ടി.ഡി.എഫ്, ബി.എം.എസ്, യൂനിയനുകൾ 24 മണിക്കൂർ സൂചന പണിമുടക്കിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story