Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാര്യാപിതാവിനെ...

ഭാര്യാപിതാവിനെ കുത്തി​ക്കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. തൊളിക്കോട് വിതുര ചേന്നൻപാറ പന്നിയോട്ടുമൂല വസന്തവിലാസം വീട്ടിൽ സുന്ദരനെ (60) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി​യെയാണ്​ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്​. കൊല്ലപ്പെട്ട സുന്ദരന്‍റെ മകളുടെ ഭർത്താവ്​ പനവൂർ ചുള്ളിമാനൂർ മൊട്ടക്കാവ് കടുവാച്ചിറ പാറയംവിളാകത്ത് വീട്ടിൽ രാകേഷ് എന്ന വിനോദിനെയാണ് (35) തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. അജിത്കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017 നവംബർ 18 നാണ്​ കേസിനാസ്പദമായ സംഭവം. പ്രതി രാകേഷ് കൊല്ലപ്പെട്ട സുന്ദരന്‍റെ മകൾ പ്രിയയുടെ ഭർത്താവായിരുന്നു. വിവാഹശേഷം സുന്ദരന്‍റെ വിതുരയിലെ വീട്ടിലായിരുന്നു പ്രതിയും ഭാര്യയും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചക്ക്​ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ പ്രതി ആഹാരം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ താമസിച്ചതിന്​ പ്രിയയെ രാകേഷ്​ അസഭ്യം വിളിച്ച് ദേഹോപദ്രവം ഏൽപിച്ചു. ഇത്​ തടയാൻ ശ്രമിച്ച സുന്ദരനെ വീടിനകത്തുണ്ടായിരുന്ന 'ഇരിയ്ക്കപ്പലക'എടുത്ത് തലയിലേക്ക് എറിഞ്ഞ്​ മുറിവേൽപ്പിച്ച ശേഷം വീട്ടിലുണ്ടായിരുന്ന ഇരുമ്പ് കത്രികകൊണ്ട് സുന്ദരന്‍റെ നെഞ്ചിൽ ആഴത്തിൽ മുറിവേൽപിച്ച്​ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മകൾ പ്രിയയും ഭാര്യ വസന്തയും അയൽവാസികളും ചേർന്ന് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചക്ക്​ രണ്ടോടെ സുന്ദരൻ മരിച്ചു. സംഭവത്തിന് മൂന്നാംനാൾ പ്രതിയെ ചുള്ളിമാനൂരിൽനിന്ന്​ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി ജാമ്യം നിഷേധിച്ചതിനെതുടർന്ന് 2017 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. കൃത്യം കണ്ട ദൃക്സാക്ഷികളായ പ്രതിയുടെ ഭാര്യ പ്രിയയും സുന്ദരന്‍റെ ഭാര്യ വസന്തയും കൃത്യത്തെ കുറിച്ച് കോടതി മുമ്പാകെ മൊഴിനൽകിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, രാഖി ആർ.കെ, ദേവിക അനിൽ എന്നിവർ ഹാജരായി. 17 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 20 രേഖകളും എട്ട്​ തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിതുര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ തിരുവനന്തപുരം വിജിലൻസ് സർക്കിൾ ഇൻസ്പെക്ടറായ കെ.ബി. മനോജ് കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story