Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:45 AM IST Updated On
date_range 20 April 2022 5:45 AM ISTതർക്കത്തിന്‍റെ ദൃശ്യങ്ങൾ എം.വി.ഐ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ട്രാൻസ്പോർട്ട് കമീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന്റെ പേരിൽ 12500 രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് വാഹന ഉടമയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ പൊലീസ് സ്റ്റേഷനിൽ നടന്ന തർക്കം ക്യാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ നൽകിയെന്ന കേസിൽ മനുഷ്യാവകാശ കമീഷന്‍റെ ഇടപെടൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ട്രാൻസ്പോർട്ട് കമീഷണർ നേരിട്ട് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്. എൻഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ നിധീഷിനെതിരെ അന്വേഷിക്കാനാണ് ഉത്തരവ്. ചിറയിൻകീഴ് വലിയകട സ്വദേശി അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലെ ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച സ്കൂട്ടിക്ക് 10,000 രൂപ പിഴയിട്ടു. അമിതമായ ഫീസടയ്ക്കാൻ കഴിയില്ലെന്നും കേസ് കോടതിയിലേക്ക് റഫർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ എം.വി.ഐ പരാതിക്കാരനോട് തട്ടിക്കയറി. തുടർന്ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ എം.വി.ഐ വിളിച്ചുവരുത്തി. പരാതിക്കാരനെ സ്റ്റേഷനിൽ കൊണ്ടുപോയി 12500 രൂപ പിഴയടപ്പിച്ചു. ഈ രംഗങ്ങളാണ് എം.വി.ഐ തന്റെ ഔദ്യോഗിക ക്യാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ട്രാൻസ്പോർട്ട് കമീഷണറും ആറ്റിങ്ങൽ ഡിവൈ.എസ്.പിയും കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. എം.വി.ഐയുമായി നടന്ന തർക്കമറിഞ്ഞാണ് പൊലീസ് ഇൻസ്പെക്ടർ സ്ഥലത്തെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഹന പരിശോധനയുടെ നിജസ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിക്കുന്നതെന്നും ഈ സംഭവത്തിൽ വിഡിയോ ചിത്രീകരണം ഒഴിവാക്കാമായിരുന്നെന്നും ഡിവൈ.എസ്.പി അറിയിച്ചു. എന്നാൽ, പരാതിക്കാരനെ തേജോവധം ചെയ്യാൻ എം.വി.ഐ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെക്കുറിച്ച് ട്രാൻസ്പോർട്ട് കമീഷണർ തന്റെ റിപ്പോർട്ടിൽ നിശ്ശബ്ദത പാലിച്ചതായി കമീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് അന്വേഷണത്തിന്റെ ഭാഗമാക്കാൻ കമീഷൻ തീരുമാനിച്ചു. തുടർന്നാണ് ട്രാൻസ്പോർട്ട് കമീഷണർ നേരിട്ട് അന്വേഷണം നടത്തി മേയ് 13 ന് മുമ്പ് റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story