Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:37 AM IST Updated On
date_range 15 April 2022 5:37 AM ISTപൊന്നുക്കുട്ടൻ ദുഃഖിക്കേണ്ട; വേളാങ്കണ്ണി സർവിസ് സൂപ്പർ എക്സ്പ്രസായി നിലനിർത്തും
text_fieldsbookmark_border
തിരുവനന്തപുരം; ചങ്ങനാശ്ശേരിയിൽനിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്താൻ മാനേജിങ് ഡയറക്ടർ നിർദേശം നൽകി. കെ സ്വിഫ്റ്റിന് കൈമാറുന്ന റൂട്ടിൽ അവസാന യാത്രക്കുശേഷം ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ പ്രകടിപ്പിച്ച ദുഃഖം വാർത്തയായിരുന്നു. അന്തർ സംസ്ഥാന സർവിസ് സൂപ്പർ ഡീലക്സായി ഉയർത്തുന്നതിനാണ് സ്വിഫ്റ്റ് ബസ് ഉപയോഗിച്ച് മാറ്റാൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ദീർഘദൂര സർവിസ് നടത്തുന്ന സൂപ്പർ ക്ലാസ് ബസ് അഞ്ചുവർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. ബസുകളുടെ കുറവ് കാരണം ഇത് ഏഴു വർഷമാക്കി. എന്നിട്ടും കുറവുണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി ഒമ്പത് വർഷമായി വർധിപ്പിച്ചു. ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവിസ്, കാലപ്പഴക്കം, സർവിസിന്‍റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് സ്വിഫ്റ്റിന്‍റെ പുതിയ ബസ് നൽകുന്നത്. അഞ്ചു വർഷവും മൂന്നു മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി- വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ഡീലക്സായി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കം സർവിസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതായും മാതൃകപരമായി സർവിസ് നടത്തുന്നതായും ശ്രദ്ധയിൽപെട്ടിരുന്നു. ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവിസ് ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ബസ് തുടർന്നും സൂപ്പർ എക്സ്പ്രസായി നിലനിർത്തുന്നതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story