Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:36 AM IST Updated On
date_range 12 April 2022 5:36 AM ISTബൈപാസ് റോഡ് പൊളിച്ചുപണിയാൻ തീരുമാനം
text_fieldsbookmark_border
വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപാസിൽ നിർമാണത്തിനിടെ തകർന്നുവീണ പുന്നക്കുളം ഭാഗം വീണ്ടും പൊളിച്ച് പണിയാൻ തീരുമാനം. അമ്പതടിയോളം ഉയരത്തിൽ അശാസ്ത്രീയമായി നിർമിച്ച റോഡിന്‍റെ 70 മീറ്റർ മുകൾഭാഗത്തെയും 30 മീറ്റർ താഴ്ഭാഗത്തെയും മണ്ണ് നീക്കം ചെയ്ത്, ബലപ്പെടുത്തിയ ശേഷമേ ഈ ഭാഗത്ത് നിർമാണം പൂർത്തിയാക്കൂവെന്ന് ദേശീയപാത അതോറിറ്റിയുടെ അധികൃതർ ഉറപ്പു നൽകിയതായി എം. വിൻസെന്‍റ് എം.എൽ.എ അറിയിച്ചു. ഇതു സംബന്ധിച്ച് കലക്ടറുടെ മേൽനോട്ടത്തിൽ എം.എൽ.എ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡൻറ്, ആക്ഷൻ കൗൺസിൽ പ്രതിനിധികൾ, ദേശീയപാത അതോറിറ്റി അധികൃതർ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചയും നടന്നു. ബൈപാസിന്‍റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ നിരീക്ഷണസമിതിയും രൂപവത്കരിച്ചു. കാഴ്ചയിൽ പേടിതോന്നുന്ന രീതിയിൽ നിർമിച്ച ബൈപാസ് ഭാഗം പൊളിച്ച് പണിയുമെങ്കിലും അരികിലെ ഭിത്തിയായി നിലവിലെ സിമന്‍റ് ബ്ലോക്കുകൾതന്നെ ഉപയോഗിക്കുമെന്നാണറിയുന്നത്. ചതുപ്പ് നിറഞ്ഞ കീഴ്ക്കാംതൂക്കായ ഭാഗത്തുകൂടി കടന്നുപോകുന്ന ബൈപാസിൽ ഇതും ഭാവിയിയിൽ ജീവനും സുരക്ഷക്കും ഭീഷണിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വിഴിഞ്ഞം തലക്കോട് മുതൽ കാരോട് വരെ നീളുന്ന പാത നിർമാണം അശാസ്ത്രീയമാണെന്ന പരാതി തുടക്കം മുതൽ ഉയർന്നിരുന്നെങ്കിലും ഇതു വകവെച്ചില്ല. നിർമാണം പൂർത്തിയാക്കിയ പല സ്ഥലങ്ങളും പൊളിച്ച് മാറ്റി വീണ്ടും പണിയേണ്ടിവന്നിരുന്നു. നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നൽകിയ പുന്നക്കുളം ഭാഗം ഒരു മാസം മുമ്പുണ്ടായ മഴയിൽ തകർന്നത് ഏറെ പ്രതിഷേധങ്ങൾക്കും വഴിതെളിച്ചു. ജനകീയപ്രതിഷേധം തണുപ്പിക്കാൻ രംഗത്തിറങ്ങിയ ദേശീയപാതാ അധികൃതർ റോഡിന്‍റെ മുകൾഭാഗം 30 മീറ്ററും താഴ്ഭാഗം 10 മീറ്ററും പൊളിച്ച് പണിയാമെന്നറിയിച്ചു. എന്നാൽ, ചർച്ചയിൽ പങ്കെടുത്തവരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. അപകട മേഖലയായി കരുതുന്ന ഭാഗത്ത് ഫ്ലൈഓവർ നിർമിക്കാനുളള നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പരീക്ഷിച്ച് വിജയിച്ച സാങ്കേതികവിദ്യയാണ് ഇവിടെയും നടപ്പാക്കിയതെന്നാണ് ഹൈവേ അതോറിറ്റി അധികൃതർ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
