Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:36 AM IST Updated On
date_range 6 April 2022 5:36 AM ISTസി.പി.എം പാർട്ടി കോൺഗ്രസിൽ ശ്രദ്ധകേന്ദ്രീകരിച്ച് സംസ്ഥാന കോൺഗ്രസും
text_fieldsbookmark_border
*മതേതരപാർട്ടികളുടെ ഐക്യം സംബന്ധിച്ച സി.പി.എം കേരള നേതാക്കളുടെ നിലപാടിനെ സംസ്ഥാന കോൺഗ്രസ് എതിർക്കുന്നു തിരുവനന്തപുരം: കേരളത്തിൽ എതിർപക്ഷത്തുള്ള സി.പി.എമ്മിന്‍റെ പാർട്ടി കോൺഗ്രസിൽ ശ്രദ്ധകേന്ദ്രീകരിച്ച് സംസ്ഥാന കോൺഗ്രസും. കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ് കേവലം അവരുടെ മാത്രം കാര്യമായി കാണാതെ പ്രതികരിച്ചും നിലപാട് തേടിയും അൽപം ആശങ്കയോടെയും സമീപിക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ നീക്കത്തിൽ കോൺഗ്രസും സി.പി.എമ്മും സഹകരിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇരുകൂട്ടരും കടുത്ത ശത്രുതയിലാണ്. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം അവസാന നിമിഷവും തുടരുകയാണ്. കോൺഗ്രസ് നേതൃത്വവുമായി നല്ല രസത്തിലല്ലാത്ത ശശി തരൂരിനെയും കെ.വി. തോമസിനെയുമാണ് സി.പി.എം നേതൃത്വം ക്ഷണിച്ചിരുന്നത്. സിൽവർ ലൈൻ വിഷയത്തിൽ സർക്കാറിനെതിരെ ശക്തമായ സമരം നടക്കുന്നതിനിടെ സി.പി.എം വേദിയിയിലെത്തുന്നത് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾക്ക് കോൺഗ്രസ് വിലക്കേർപ്പെടുത്തി. ഇതംഗീകരിക്കാതെ നേതാക്കൾ എ.ഐ.സി.സിയെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായില്ല. എ.ഐ.സി.സി തീരുമാനം തരൂർ അംഗീകരിച്ചെങ്കിലും കെ.വി. തോമസ് അതേ നിലപാടുകാരനല്ല. വിലക്ക് മാനിക്കാതെ അദ്ദേഹം പോകുമോയെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. അതിനാലാണ് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ രക്തം വീണ കണ്ണൂരിൽ സി.പി.എമ്മിന്‍റെ വേദി പങ്കിടാൻ ഒരു കോൺഗ്രസുകാരനും തയാറാകില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ വ്യക്തമാക്കിയത്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ മതേതരപാർട്ടികളുടെ ഐക്യം സംബന്ധിച്ച സി.പി.എം കേരള നേതാക്കളുടെ നിലപാടിനെതിരെയും ശക്തമായ പ്രതികരണമാണ് സംസ്ഥാന കോൺഗ്രസിൽനിന്ന് ഉണ്ടായത്. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ദേശീയ ബദലെന്ന സി.പി.എം നേതാക്കളുടെ നിലപാടിനെ പരിഹസിച്ച് തള്ളിയ കെ.പി.സി.സി പ്രസിഡന്‍റ് സുധാകരൻ, ദേശീയതലത്തിൽ രാഷ്ട്രീയശക്തി പോലുമല്ലാത്ത സി.പി.എമ്മിന്‍റെ നേതാക്കൾ മതേതര മുന്നണിക്ക് ഉപാധിവെക്കുന്നത് പ്രതിപക്ഷ ഐക്യം തകർക്കാനാണെന്ന് കുറ്റപ്പെടുത്തി. ബി.ജെ.പിയുമായി സി.പി.എമ്മിന് അന്തർധാര ഉണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. മതേതരകക്ഷികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് ചൂണ്ടിക്കാട്ടിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കി സി.പി.എം പ്രവര്‍ത്തിക്കണമെന്നും കേരളത്തിലെ സി.പി.എമ്മാണ് ഇതിനെതിരായ നിലപാട് പലപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story