Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:40 AM IST Updated On
date_range 25 March 2022 5:40 AM ISTഅസിസ്റ്റന്‍റ് റാങ്ക് പട്ടിക കാലാവധി തീരുന്നു; സെക്രട്ടേറിയറ്റ് ഭരണപ്രതിസന്ധിയിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് റാങ്ക് പട്ടിക കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം. നിരവധി ഉദ്യോഗസ്ഥർ വിരമിക്കാനിരിക്കെ സെക്രട്ടേറിയറ്റ് പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ആശങ്ക. സെക്രട്ടേറിയറ്റിലെ ഏറ്റവും അടിസ്ഥാന ജോലി നിർവഹിക്കുന്നത് അസിസ്റ്റന്‍റുമാരാണ്. ഈ തസ്തികയിലേക്ക് പി.എസ്.സി മുഖേന നേരിട്ടുള്ള നിയമനമാണ്. നിലവിലെ അസിസ്റ്റന്‍റ് റാങ്ക് പട്ടികയുടെ കാലാവധി ഏപ്രിൽ എട്ടിന് അവസാനിക്കും. അതോടെ പുതിയ നിയമനങ്ങൾ നടക്കാത്ത അവസ്ഥയാകും. മേയിൽ സെക്രട്ടേറിയറ്റിൽനിന്ന് നിരവധി ജീവനക്കാർ വിരമിക്കുന്നുണ്ട്. വിരമിക്കലിന് ആനുപാതികമായി പിറ്റേദിവസം തന്നെ ഒഴിവ് നികത്തുന്നവിധത്തിൽ പി.എസ്.സിയെ പ്രതീക്ഷിത ഒഴിവുകൾ അറിയിച്ചിട്ടുണ്ടെങ്കിലും ലിസ്റ്റ് നിലവിലില്ലാത്തതിനാൽ നിയമനം നടത്താൻ കഴിയാത്ത അവസ്ഥയാകുമുണ്ടാകുക. പുതിയ റാങ്ക് പട്ടിക വരാൻ ഒരുവർഷമെങ്കിലും എടുക്കും. സമീപകാലത്ത് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നിട്ടില്ല. റാങ്ക് പട്ടിക അവസാനിക്കുന്ന പിറ്റേദിവസം പുതിയ റാങ്ക് പട്ടിക നിലവിൽ വരുന്നതാണ് പതിവ്. ഇത്തവണ കോവിഡ് കാരണം പി.എസ്.സി പരീക്ഷ വൈകിയതും രണ്ടുഘട്ട പരീക്ഷ സമ്പ്രദായം ആവിഷ്കരിച്ചതും പുതിയ പട്ടിക നിലവിൽ വരുന്നതിന് തടസ്സമായി. റാങ്ക് പട്ടികയില്ലാത്തത് പി.എസ്.സി പരീക്ഷാ നടത്തിപ്പിനും വെല്ലുവിളിയാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് എന്നറിയപ്പെടുന്ന അസിസ്റ്റന്‍റ്/ഓഡിറ്റർ തസ്തികയുടെ റാങ്ക് പട്ടികയിൽനിന്നാണ് പി.എസ്.സി അസിസ്റ്റന്‍റ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്. റാങ്ക് പട്ടിക അവസാനിക്കുന്നതോടെ പി.എസ്.സിയിലേക്കുള്ള നിയമനവും സ്തംഭിക്കും. നിലവിൽ പരീക്ഷ നടപടി കാര്യക്ഷമമായും കാലോചിതമായും നടപ്പാക്കാൻ പി.എസ്.സിയുടെ അംഗബലം കൊണ്ടാകുന്നില്ല. റാങ്ക് പട്ടിക കാലാവധി നീട്ടുകയോ മേയ് മാസത്തെ കൂട്ടവിരമിക്കലിന് ആനുപാതികമായ ഒഴിവുകൾ റാങ്ക് പട്ടിക അവസാനിക്കും മുമ്പ് പ്രൊവിഷണലായി റിപ്പോർട്ട് ചെയ്യുകയോ ആണെങ്കിൽ ഈ പ്രതിസന്ധി മറികടക്കാനാകും. ബിജു ചന്ദ്രശേഖർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story