Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:28 AM IST Updated On
date_range 17 March 2022 5:28 AM ISTമിനിമം ചാർജ്: ബസുടമകളുടെ ചുവടുമാറ്റം സർക്കാറിനും തലവേദന
text_fieldsbookmark_border
തിരുവനന്തപുരം: മിനിമം ചാർജിലടക്കം ധാരണയിലെത്തിയിരിക്കെ, ബസുടമകളുടെ ചുവടുമാറ്റം സർക്കാറിനും തലവേദന. നാലു മാസം മുമ്പ് നിരക്ക് ഭേദഗതി ആവശ്യമുയർന്നപ്പോൾ വിവിധ തലങ്ങളിലെ ചർച്ചയെ തുടർന്ന് മിനിമം ചാർജ് 10 രൂപയാക്കാമെന്ന് അനൗദ്യോഗിക ധാരണയിലെത്തിയിരുന്നു. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുമെന്നായിരുന്നു സൂചന. എന്നാൽ, മിനിമം ചാർജ് എട്ടിൽനിന്ന് 12 രൂപ ആക്കണമെന്നാണ് ബസുടമകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇന്ധനവിലയാണ് പ്രധാനമായും അവർ ചൂണ്ടിക്കാട്ടുന്നത്. രൂക്ഷ വിലക്കയറ്റത്തിന്‍റെയും വേതനക്കുറവിന്‍റെയും നെരിപ്പോടിൽ നിൽക്കുന്ന സാധാരണക്കാർക്ക് കനത്ത പ്രഹരമാകും നിരക്ക് വർധന. ആറു രൂപയെന്ന വിദ്യാർഥി യാത്ര നിരക്ക് അംഗീകരിച്ചുകിട്ടാത്ത സാഹചര്യമുണ്ടായാൽ പകരം പിടിവള്ളിയായാണ് മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യം ഉടമകൾ മുന്നോട്ടുവെക്കുന്നത്. ആറു രൂപ നിരക്ക് അതേപടി അംഗീകരിക്കാൻ സാധ്യത തീരെയില്ലെന്ന് വ്യക്തമാണ്. രണ്ടു രൂപ കൺസഷൻ വിദ്യാർഥികൾക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിവാദമാകുകയും എസ്.എഫ്.ഐ അടക്കം വിദ്യാർഥി സംഘടനകൾ കനത്ത പ്രതിഷേധമയുർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശേഷിച്ചും. പ്രശ്നം പരിഹരിക്കാതെ നിരന്തരം അവധി മാറ്റിപ്പറയുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ബസുടമകളുടെ ആരോപണം. 2021 നവംബർ എട്ടിന് മന്ത്രി പറഞ്ഞത് 10 ദിവസത്തിനുള്ളിൽ പരിഹരിക്കാമെന്നാണ്. പിന്നീട്, 'ഡിസംബർ രണ്ടിന് വിദ്യാർഥി സംഘടനകളുടെ യോഗം, ഡിസംബർ14 രാമചന്ദ്രൻ കമീഷൻ യോഗം, മകര വിളക്ക്, മുഖ്യമന്ത്രി അമേരിക്കയിൽനിന്ന് മടങ്ങിയെത്തും വരെ' തുടങ്ങി തുടർച്ചയായി ഒഴിവുകഴിവ് പറഞ്ഞ് സർക്കാർ ഒഴിയുകയാണെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ 2021 ജൂൺ രണ്ടിനാണ് ബസ് നിരക്ക് വർധനയുണ്ടായത്. മിനിമം നിരക്ക് വർധിപ്പിക്കാതെ, സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽനിന്ന് 2.5 കിലോമീറ്ററായി കുറക്കുകയായിരുന്നു അന്ന്. കിലോമീറ്റർ നിരക്ക് 70 ൽ നിന്ന് 90 പൈസയുമാക്കി. മിനിമം ചാർജ് കൂടാത്തതിനാലും കോവിഡ് ഭീതിയുടെ കാലത്തായതിനാലും പരോക്ഷ സ്വഭാവത്തിലെ വർധന വലിയ തോതിൽ ജനത്തിന്‍റെ ശ്രദ്ധയിൽപെട്ടിരുന്നില്ല. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story