Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:33 AM IST Updated On
date_range 10 March 2022 5:33 AM ISTപ്രവാസികൾക്ക് ആശ്വാസം:'ഓട്ടോമാറ്റിക്' ലൈസൻസുകാർക്ക് ഇവിടെ വണ്ടിയോടിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്ന് ഓട്ടോമാറ്റിക് വാഹനങ്ങളിൽ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയവർക്ക് സംസ്ഥാനത്ത് ലൈസൻസ് അനുവദിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനം. മുമ്പ് മറ്റ് രാജ്യങ്ങളിലെ ലൈസൻസുള്ളവർക്ക് ലേണേഴ്സ് പാസായാൽ ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് അനുവദിച്ചിരുന്നു. എന്നാൽ, നടപടി ക്രമങ്ങളെല്ലാം സാരഥി സോഫ്റ്റ്വെയറിലേക്ക് മാറിയതോടെയാണ് ഇതിനുള്ള സൗകര്യമില്ലാതായത്. സാരഥിയിൽ 'ലൈറ്റ് മോട്ടോർ വെഹിക്കിൾ' (എൽ.എം.വി) എന്ന ഓപ്ഷൻ മാത്രമേയുള്ളൂ. മോട്ടോർ വാഹന നിയമ പ്രകാരം സംസ്ഥാനത്ത് ലൈസൻസിനായി റോഡ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങൾ അനുവദിക്കില്ല. ഫലത്തിൽ വിദേശ ലൈസൻസുള്ളവർക്കും നാട്ടിൽ വാഹനമോടിക്കണമെങ്കിൽ പുതിയ അപേക്ഷകരെ പോലെ ലേണേഴ്സിനൊപ്പം ടെസ്റ്റ് ഗ്രൗണ്ടിൽ ഗിയറുള്ള വാഹനം ഓടിച്ച് പാസാകണം. നാട്ടിൽ ഓട്ടോമാറ്റിക് വാഹനം കൈവശമുള്ളവർക്കും സാരഥിയിലെ നിബന്ധന വലിയ കടമ്പയായിരുന്നു. പലരും ഇതുമൂലം ലൈസൻസിനായി ശ്രമിക്കാതെ പിന്മാറി. ഇത്തരത്തിൽ പ്രവാസികളുടെയടക്കം വലിയ പരാതി ഉയർന്നതോടെ, മോട്ടോർ വാഹനവകുപ്പ് കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള അനുകൂല മറുപടിയുടെ പശ്ചാത്തലത്തിലാണ് വിദേശ ലൈസൻസുള്ളവർക്ക് ലേണേഴ്സ് പാസാകലിന്‍റെ അടിസ്ഥാനത്തിൽ എൽ.എം.വി ലൈസൻസ് അനുവദിക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. സാരഥിക്ക് മുമ്പ് ഇത്തരം ലൈസൻസുകളിൽ 'എൽ.എം.വി ഓട്ടോമാറ്റിക്' എന്നായിരുന്നെങ്കിൽ ഇനി 'എൽ.എം.വി' എന്ന് മാത്രമേ ഉണ്ടാകൂ. ഉപയോഗിക്കുന്ന ഇന്ധനമേതെന്നോ അല്ലെങ്കിൽ ഗിയറുള്ളതോ ഇല്ലാത്തതോ എന്നതോ പരിഗണിച്ചല്ല ലൈസൻസ് നൽകുന്നതെന്നും വാഹനത്തിന്‍റെ സ്വഭാവം മാത്രമാണ് മാനദണ്ഡമാക്കുന്നതെന്നുമാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വിശദീകരണം. ഏത് ട്രാൻസ്മിഷൻ സ്വഭാവത്തിലുള്ള (ഗിയറുള്ളത്, ഓട്ടോമാറ്റിക്) വാഹനവും ഡ്രൈവിങ് ടെസ്റ്റിനായി അനുവദിക്കാമെന്ന് നേരത്തേ തന്നെ കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയെങ്കിലും സംസ്ഥാനം ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നിരത്തിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ നിറയുമ്പോഴും ഗിയറുള്ള വാഹനത്തിൽ പഠിച്ച് പാസായാലേ ഇവ ഓടിക്കാനാകൂ. റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഗിയര്‍ മാറ്റുന്നതും മറ്റും പരിശോധിച്ചാണ് നിലവിൽ ലൈസന്‍സ് നല്‍കുന്നത്. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story