Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:34 AM IST Updated On
date_range 7 March 2022 5:34 AM ISTസംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷപ്പാമ്പിന്‍റെ കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു. ഓരോ വർഷവും 3000 ത്തോളം പേർ പാമ്പുകടിയേറ്റ് ചികിത്സതേടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2012 മുതൽ 2021 വരെയുള്ള വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരെ സംബന്ധിച്ച സർക്കാർ കണക്കിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 1088 പേർക്കാണ് ഈ പത്ത് വർഷത്തിനിടയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ചത്. അതിൽ 750 പേരും (69 ശതമാനം) മരിച്ചത് വിഷപ്പാമ്പുകളുടെ കടിയേറ്റാണ്. 2017 മുതൽ 2019 വരെ മാത്രം അത് 334 ആണ്. വാർഷിക ശരാശരി 110. 2020 ൽ 76 പേരും 2021ൽ 40 പേരും പാമ്പുകടിയേറ്റ് മരിച്ചു. ഇത് അതിഗൗരവതരമെന്നാണ് സർക്കാർ വിലയിരുത്തപ്പെടുന്നത്. അതിന്‍റെ അടിസ്ഥാനത്തിൽ പാമ്പ് വിഷത്തിനെതിരെയുള്ള ആന്‍റിവെനം തൊട്ടടുത്ത എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്. അകലെയുള്ള ആശുപത്രികളിലേക്ക് പാമ്പുകടിയേറ്റ് എത്തുമ്പോൾ സമയനഷ്ടം കാരണം ജീവഹാനിക്ക് സാധ്യത കൂടുതലാണെന്നും ഡോക്ടർമാരും വെളിപ്പെടുത്തുന്നു. പാമ്പുകൾ അതി പാരിസ്ഥിതിക പ്രാധാന്യമുള്ള ജീവിയാണ്. ജനവാസമേഖലയിൽ എത്തിപ്പെടുന്ന പാമ്പുകൾ മൂലമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. എല്ലാ പാമ്പുകളും 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്ന്, രണ്ട്, നാല് എന്നിവയിൽ ഉൾപ്പെടുന്ന സംരക്ഷിത വന്യമൃഗങ്ങളാണ്. അതിനാൽ ഇവയുടെ എണ്ണം നിയന്ത്രിക്കുന്നത് പ്രകൃതിപരമായി മാത്രേമ സാധിക്കൂവെന്നാണ് വനംവകുപ്പിന്‍റെ വാദം. പാമ്പുകളെ ഭക്ഷിക്കുന്ന ജന്തു-പക്ഷിയിനങ്ങൾ കൂടുതലായി വളരാനുള്ള സാഹചര്യമൊരുക്കിയാൽ വംശവർധന നിയന്ത്രിക്കാൻ ഒരുപരിധിവരെ കഴിയും. നശിച്ചുകൊണ്ടിരിക്കുന്ന കാവുകളുടെ പുനരുജ്ജീവനത്തിലൂടെ മനുഷ്യന് ശല്യമുണ്ടാക്കാത്ത വിധം പാമ്പുകൾക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കാനാകുമെന്നും വനംവകുപ്പ് പറയുന്നു. ശാസ്ത്രീയമായി പിടികൂടി അനുയോജ്യമായ ആവാസവ്യവസ്ഥയിൽ വിട്ടയക്കുന്നതിന് വിശദമായ മാർഗരേഖതന്നെയുണ്ട്. വനംവകുപ്പ് ജീവനക്കാരും സന്നദ്ധപ്രവർത്തകരുമടക്കം 1657 പേർക്ക് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയ പരിശീലനം നൽകിയിട്ടുണ്ട്. അതിൽ 928 പേർക്ക് അംഗീകൃത സർട്ടിഫിക്കേഷനുമുണ്ട്. വനംവകുപ്പിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാ സംരക്ഷണവിഭാഗം ഉദ്യോഗസ്ഥർക്കും പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയ പരിശീലനം നിർബന്ധമാണ്. വനത്തിന് പുറത്തുെവച്ച് പാമ്പുകടിയേറ്റ് ജീവഹാനി സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story