Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:34 AM IST Updated On
date_range 21 Feb 2022 5:34 AM ISTസാമൂഹിക വനവത്കരണം: 'വൃക്ഷസമൃദ്ധി'യുമായി വനം -തദ്ദേശ വകുപ്പുകൾ
text_fieldsbookmark_border
തിരുവനന്തപുരം: വനേതര പ്രദേശങ്ങളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും പരിപാലനത്തിനുമായി വനം-തദ്ദേശ വകുപ്പുകൾ സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'വൃക്ഷസമൃദ്ധി' നടപ്പാക്കുന്നു. പദ്ധതിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വനേതര പ്രദേശങ്ങളില്‍, പ്രത്യേകിച്ചും പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തേ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുന്നതോടെ ഗ്രാമീണമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. സ്‌കൂളുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാറിതര സംഘടനകള്‍, കര്‍ഷകര്‍ എന്നിവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി നഴ്‌സറി സ്ഥാപിക്കുന്നതിനായുള്ള സാങ്കേതിക സഹായവും ആവശ്യമായ വിത്തും വനം വകുപ്പ് നല്‍കും. 14 ജില്ലകളിലായി 758 സ്ഥലങ്ങളില്‍ നഴ്‌സറി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി. 43 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് പദ്ധതിയെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. പദ്ധതിക്കായി വനം വകുപ്പില്‍നിന്ന് 45 ലക്ഷം രൂപ വിനിയോഗിക്കും. വൃക്ഷത്തൈ നഴ്‌സറികള്‍ സ്ഥാപിക്കാനും തൈകള്‍ നട്ട് അഞ്ചുവര്‍ഷം വരെ പരിപാലിക്കാനും വനം-തദ്ദേശ വകുപ്പുകള്‍ സംയോജിത പ്രവര്‍ത്തനം നടത്തും. പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പിലെ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനവും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story