Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:35 AM IST Updated On
date_range 14 Feb 2022 5:35 AM ISTതൊഴിലിട ലൈംഗിക പീഡന പരാതികൾ അന്വേഷിക്കുന്ന സമിതികൾക്ക് മൂക്കുകയറിടുന്നു
text_fieldsbookmark_border
തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങളിലെ സ്ത്രീകൾക്കെതിരായ തൊഴിലിട ലൈംഗിക പീഡന പരാതികൾ അന്വേഷിക്കുന്ന സമിതികൾക്ക് (ഐ.സി.സി) മൂക്കുകയറിടാൻ പൊലീസ്. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി ചമച്ചെന്ന കേസിലാണ് ആ ഉദ്യോഗസ്ഥനെതിരായ പീഡന പരാതി അന്വേഷിച്ച അഭ്യന്തര അന്വേഷണ സമിതിയംഗങ്ങളെ കൂടി ക്രൈംബ്രാഞ്ച് പ്രതിപട്ടികയിൽ ചേർത്തത്. സുപ്രീംകോടതി വിധി പ്രകാരം രൂപവത്കരിച്ച സമിതികൾക്കെതിരെയുള്ള നീക്കം ദേശീയതലത്തിൽ ഇതാദ്യമാണ്. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ, അസംഘടിത, സിനിമ മേഖലകളിൽനിന്ന് നിരവധി ലൈംഗിക പീഡന പരാതികൾ ആഭ്യന്തര അന്വേഷണ സമിതികൾക്കു മുന്നിൽ പരിഗണനയിലാണ്. സമിതിക്കുമേലുള്ള പൊലീസിന്‍റെ 'കൈയൂക്ക് കാട്ടൽ' തൊഴിലിടങ്ങളിലെ അതിക്രമക്കേസുകളിൽ നീതി തേടുന്ന സ്ത്രീകളുടെ അവസാന ആശ്രയങ്ങളെയും അട്ടിമറിക്കുമെന്നാണ് ആശങ്ക. വിശാഖകേസിൽ 1997ൽ സുപ്രീംകോടതിയാണ് തൊഴിലിടങ്ങളിൽ ലൈംഗിക പീഡനം തടയുന്നതിന് മാർഗരേഖ പുറപ്പെടുവിച്ചത്. തുടർന്ന്, 'തൊഴിൽ സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും 2013' നിയമം കേന്ദ്ര സർക്കാർ നടപ്പാക്കി. നിയമം അനുശാസിക്കുന്ന വ്യവസ്ഥക്കനുസൃതമായി അതത് തൊഴിൽ സ്ഥാപനങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കുപുറമെ നിന്ന് സ്ത്രീ സംബന്ധിയായ കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധതയുള്ള, സർക്കാറിതര സംഘടനകളിലോ അസോസിയേഷനുകളിലോ ഉള്ള ഒരംഗമോ, ലൈംഗിക പീഡനത്തോട് ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്തറിയാവുന്ന ഒരാളോ കൂടി ഉൾപ്പെടുന്നതാണ് സമിതി. ലഭിക്കുന്ന പരാതികളിൽ വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് തൊഴിലുടമക്ക് നൽകുകയാണ് സമിതി ചെയ്യുന്നത്. 'പൊലീസിന്‍റെ നടപടി വിചിത്രവും ആശങ്കപ്പെടുത്തുന്നതുമാണെന്ന്' സാമൂഹിക ശാസ്ത്രജ്ഞ ജെ. ദേവിക പ്രതികരിച്ചു. 'പൊലീസ് നീക്കം പുറമെ നിന്നുള്ള അംഗങ്ങളെ പിറകോട്ടടിപ്പിക്കുന്നതും ഭയമുണ്ടാക്കുന്നതുമാണെന്ന്' സഖി സംഘടനാ ട്രസ്റ്റികളിലൊരാളായ അഡ്വ. ജെ. സന്ധ്യ പറഞ്ഞു. സിനിമ മേഖലയിൽ കൂടി ആഭ്യന്തര അന്വേഷണ സമിതികൾ രൂപവത്കരിക്കുന്നതിലേക്ക് ശക്തമായ സമ്മർദമാണ് ഡബ്ല്യു.സി.സി ഉൾപ്പെടെയുള്ള സംഘടനകൾ ചെലുത്തുന്നത്. തുടർന്ന്, സംവിധായകനായ സെന്ന ഹെഗ്ഡ തന്റെ പുതിയ സിനിമ സെറ്റിൽ ആഭ്യന്തര പരിഹാര സമിതി രൂപവത്കരിച്ചു. പൊലീസ് നടപടി സമിതികളെയും പരാതിക്കാരികളെയും ഭീഷണി, സമ്മർദ വരുതിയിൽ നിർത്തുന്നതിനാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story