Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:33 AM IST Updated On
date_range 29 Jan 2022 5:33 AM ISTനെടുമങ്ങാട് പോക്സോ കോടതിയിൽ തുടർച്ചയായ ദിവസങ്ങളിൽ വിധി
text_fieldsbookmark_border
നെടുമങ്ങാട്: തുടർച്ചയായ ശിക്ഷാവിധികളുമായി നെടുമങ്ങാട് പോക്‌സോ കോടതി. മൂന്ന് പോക്‌സോ കേസിലും ആദിവാസിയുവതിയെ ബലാത്സംഗം ചെയ്‌ത കേസിലുമാണ് കോടതി വിധി പ്രസ്‌താവിച്ചത്. 24 മുതൽ 28 വരെയുള്ള തുടർച്ചയായ ദിവസങ്ങളിൽ പോക്‌സോ കോടതി വിധി പറഞ്ഞതും ചരിത്രമായി. ആദിവാസിയുവതിയെ വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് പ്രതിക്ക് നൽകിയത്. ഡാൻസ് ക്ലാസ് നടത്താൻ കടമുറി നൽകിയശേഷം ഇവിടെെവച്ച് പ്രതിയായ വിതുര ആനപ്പാറയിൽ പാപ്പച്ചൻ യുവതിയെ തന്റെ ഇംഗിതങ്ങൾക്ക് ഇരയാക്കുകയായിരുന്നു. യുവതിയെ സംരക്ഷിക്കുന്നതിനോ കുഞ്ഞിനെ വളർത്തുന്നതിനോ ഒരുസഹായവും നൽകാതെ ഇയാൾ മുങ്ങി. ഇതോടെ കുടുംബവും യുവതിയെ ഉപേക്ഷിച്ചു. പിഴത്തുക പ്രതി യുവതിക്ക് നൽകണമെന്നും അല്ലാത്തപക്ഷം ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. രണ്ട് പോക്‌സോ കേസിൽ പതിനൊന്ന് വർഷം വീതം കഠിനതടവിനും 35000 രൂപ വീതം പിഴയുമാണ് പ്രതികൾക്ക് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പതിനാറുകാരിയായ പട്ടികവിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ചതാണ് ആദ്യ കേസ്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ അതിക്രമിച്ചുകയറി ആര്യനാട് ചേരപ്പള്ളി പ്രശാന്ത് ഭവനിൽ പ്രശാന്ത് (25)ആണ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തത്. പതിനാല് സാക്ഷികളെ കേസിൽ വിസ്‌തരിച്ചു. 15 രേഖ ഹാജരാക്കി. നാല് തൊണ്ടിമുതൽ തെളിവാക്കി. വിതുര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്. വയനാട് കൽപ്പറ്റയിൽ വാടകവീടെടുത്ത് തടങ്കലിലാക്കിയായിരുന്നു ബലാത്സംഗം. തൊളിക്കോട് തോട്ടുമുക്ക് മണലയം തടത്തരികത്ത് സുമയ്യാ മൻസിലിൽ സിദ്ധിഖ് (നിസാർ, 23)ആണ് കേസിലെ പ്രതി. 13 സാക്ഷികളെ വിസ്‌തരിച്ചു. 25 രേഖ ഹാജരാക്കി. ഏഴ് തൊണ്ടിമുതൽ തെളിവാക്കി. ഇരു പോക്‌സോ കേസിലെയും പ്രതികൾ പിഴത്തുക മുഴുവൻ ഇരകൾക്ക് നൽകണം. അല്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. മറ്റൊരു കേസിൽ ഒന്നുമുതൽ ആറാം ക്ലാസ് വരെ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 27 വർഷം കഠിനതടവും 65000 രൂപ പിഴയും വിധിച്ചു. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണി (55) യെയാണ് ശിക്ഷിച്ചത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് എസ്.ആർ. ബിൽകുൽ ആണ് ശിക്ഷകൾ വിധിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story