Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2021 5:28 AM IST Updated On
date_range 9 July 2021 5:28 AM ISTകരുതൽ ആർക്ക്? റേഷൻകടകളിൽ 'പോസ്റ്റർ യുദ്ധം'
text_fieldsbookmark_border
തിരുവനന്തപുരം: സൗജന്യ കിറ്റിനെ ചൊല്ലി സി.പി.എം-ബി.ജെ.പി പോര് നിലനിൽക്കെ, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിപ്രകാരം കേരളത്തിന് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ എല്ലാ റേഷൻ കടകളിലും പതിപ്പിക്കണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. സൗജന്യഭക്ഷ്യകിറ്റ് വിതരണവും മുൻഗണന പട്ടികയിൽ നിന്ന് അനധികൃതരെ ഒഴിവാക്കുന്ന പോസ്റ്ററുകളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് കേന്ദ്രസർക്കാറിൻെറ 'കരുതലും' ജനങ്ങളെ അറിയിക്കണമെന്ന നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത്, ഗ്ലോസി ആർട്ട് പേപ്പറിൽ തയാറാക്കേണ്ട പോസ്റ്ററിൻെറ മാതൃക കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് ഇ-മെയിൽ മുഖാന്തരം കൈമാറിയിട്ടുണ്ട്. റേഷൻകടകൾക്ക് പുറമെ ഗോഡൗണുകളിലും പൊതുജനശ്രദ്ധ പതിയുന്ന സ്ഥലങ്ങളിലും പോസ്റ്റർ പതിക്കണം. പോസ്റ്ററിൽ മറ്റ് കൂട്ടിച്ചേർക്കലുകൾ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. കേന്ദ്ര നിർദേശത്തിൻെറ അടിസ്ഥാനത്തിൽ എല്ലാ റേഷൻകടകളിലും അടിയന്തരമായി പോസ്റ്റർ പതിപ്പിക്കണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കി. ഇവ റേഷൻകടകളിൽ പതിപ്പിച്ചിട്ടുണ്ടോയെന്ന് ജില്ല സപ്ലൈ ഓഫിസർമാരും റേഷൻ ഇൻസ്പെക്ടർമാരും ഉറപ്പാക്കണം. കോവിഡിനെ തുടർന്ന് പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 6.48 ലക്ഷം മെട്രിക് ടൺ അരിയും 0.79 ലക്ഷം മെട്രിക് ടൺ ഗോതമ്പുമാണ് സൗജന്യ നിരക്കിൽ സംസ്ഥാനത്തെ മുൻഗണനവിഭാഗത്തിന് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനം നൽകിയ സൗജന്യ കിറ്റിൽ കേന്ദ്രസർക്കാറിൻെറ സഹായം കൂടിയുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. പക്ഷേ ബി.ജെ.പി നീക്കത്തെ തെളിവുകൾ നിരത്തിയാണ് എൽ.ഡി.എഫ് പ്രതിരോധിച്ചത്. കിറ്റിൽ കേന്ദ്രത്തിൻെറ യാതൊരു സാമ്പത്തിക സഹായവുമില്ലെന്നും നാളിതുവരെ 4648.29 കോടിയാണ് കിറ്റിന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സർക്കാർ ചെലവാക്കിയതെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന് പ്രാധാന്യം നൽകിയ സംസ്ഥാന സർക്കാർ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കേന്ദ്രം നൽകിയ ഭക്ഷ്യധാന്യത്തിൻെറ കണക്കിന് പ്രചാരണം നൽകുന്നില്ലെന്ന പരാതി കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നു. ഇടത് സർക്കാറിൻെറ തുടർഭരണത്തിന് സൗജന്യഭക്ഷ്യകിറ്റ് വിതരണം സഹായിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ഇതോടെയാണ് കേരളത്തിൽ നാലാം ഘട്ട വിതരണത്തിന് മുന്നോടിയായി എല്ലാ റേഷൻകടകളിലും പൊതുസ്ഥലങ്ങളിലും പോസ്റ്റർ പതിക്കണമെന്ന നിർദേശം എത്തിയത്. കൂടാതെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (കേരളം) ജനറൽ മാനേജരോട് പദ്ധതിയുടെ പ്രചാരണം സംസ്ഥാനത്ത് ശക്തമാക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദിയുടെയും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾക്കുമാണ് ഇടം. എന്നാൽ കേരളത്തിൽ പതിപ്പിക്കുന്ന പോസ്റ്ററുകളിൽ മോദിയുടെ ചിത്രവും പി.എം.ജി.കെ.എ.വൈ പദ്ധതിയിലൂടെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങളും മാത്രമാണ് ഉണ്ടാവുക. - സ്വന്തം ലേഖകൻ ഫോട്ടോ ക്യാപ്ഷൻ : സംസ്ഥാന സർക്കാറിൻെറയും കേന്ദ്രസർക്കാറിൻെറയും പോസ്റ്ററുകൾ റേഷൻകടയിൽ പതിപ്പിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story