Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:58 PM GMT Updated On
date_range 11 Nov 2020 11:58 PM GMTനാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ
text_fieldsbookmark_border
* തിരക്കുണ്ടാക്കരുത്, വാഹന വ്യൂഹവും ജാഥയും പാടില്ല * പത്രിക സമർപ്പണത്തിന് സ്ഥാനാർഥിയടക്കം മൂന്നുപേർ മാത്രം * ഒരുസമയം ഒരു സ്ഥാനാർഥിയെ മാത്രമേ പ്രവേശിപ്പിക്കൂ തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ വ്യാഴാഴ്ച മുതൽ സ്വീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ വരണാധികാരികൾ ഇത് പരസ്യപ്പെടുത്തും. തുടർന്നാണ് പത്രികകൾ സ്വീകരിച്ച് തുടങ്ങുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പത്രിക സ്വീകരണത്തിൻെറ നടപടിക്രമങ്ങൾ. 19 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണു പത്രികകൾ സ്വീകരിക്കുന്നത്. സ്ഥാനാർഥിയടക്കം മൂന്നുപേരെ മാത്രമേ വരണാധികാരിയുടെ ഓഫിസിലേക്ക് പ്രവേശിപ്പിക്കൂ എന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. നോമിനേഷൻ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധമായും കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. എല്ലാവർക്കും മാസ്‌കും നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം. നോമിനേഷൻ സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. ആൾക്കൂട്ടമോ വാഹന വ്യൂഹമോ ജാഥയോ അനുവദിക്കില്ല. കണ്ടെയ്ൻമൻെറ് സോണിലുള്ളവരോ ക്വാറൻറീനിൽ കഴിയുന്നവരോ ആണെങ്കിൽ റിട്ടേണിങ് ഓഫിസറെ മുൻകൂട്ടി അറിയിക്കണം. സ്ഥാനാർഥി കോവിഡ് പോസിറ്റീവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേന നാമനിർദേശ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് കമീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സ്ഥാനാർഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്തണം. തുടർന്ന് സത്യപ്രതിജ്ഞ രേഖ റിട്ടേണിങ് ഓഫിസർക്ക് ഹാജരാക്കണം. പത്രികകൾ സ്വീകരിക്കുന്ന വരണാധികാരികൾക്കും കോവിഡ് പ്രോട്ടോകോൾ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. റിട്ടേണിങ് ഓഫിസർമാർ നിർബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം. ഓരോ നോമിനേഷനും സ്വീകരിച്ചശേഷം സാനിറ്റൈസർ ഉപയോഗിക്കണമെന്നും കലക്ടർ നിർദേശം നൽകി. ഉദ്യോഗസ്ഥർക്ക് പരിശീലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് നിയോഗിക്കപ്പെട്ട ബ്ലോക്ക്തല റിസോഴ്‌സസ് പേഴ്‌സൺമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ജോൺ സാമുവൽ പരിശീലനം ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ 45 ഉദ്യോഗസ്ഥർ പങ്കെടുത്തു.
Next Story