Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 11:58 PM GMT Updated On
date_range 10 Nov 2020 11:58 PM GMTസി.എസ്.ബി ബാങ്കിൽ കൂട്ട പിരിച്ചുവിടലിന് നീക്കം; പ്രതിഷേധം ശക്തം
text_fieldsbookmark_border
തൃശൂർ: സി.എസ്.ബി ബാങ്കിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) കാൽ നൂറ്റാണ്ടും അതിലധികവും സേവനപരിചയമുള്ള ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ നീക്കം. നിരവധി പേർക്ക് മാനേജ്മൻെറ് നോട്ടീസ് നൽകി. സബ് സ്റ്റാഫിൽനിന്ന് യോഗ്യത പരീക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ ക്ലറിക്കൽ തസ്തികയിലേക്ക് ഉയർത്തപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ജോലി ചെയ്യുന്നവർക്ക് നേരെയാണ് മാനേജ്മൻെറ് വാളോങ്ങിയിരിക്കുന്നത്. മുൻകൂർ അറിയിപ്പില്ലാതെ ക്ലസ്റ്റർ ഹെഡ് ലാപ്ടോപ്പുമായി ക്ലർക്കുമാരെ സമീപിച്ച് ചില ജോലികൾ ചെയ്യാൻ ആവശ്യപ്പെടുകയാണ്. 10 ജോലികളാണ് ഏൽപിക്കുന്നത്. നിശ്ചിതസമയത്ത് അത് പൂർത്തിയാക്കിയില്ലെന്ന കാരണം പറഞ്ഞാണ് പിന്നീട് നോട്ടീസ് നൽകുന്നത്. കമ്പ്യൂട്ടറിലെ തകരാറോ സെർവർ പ്രശ്നമോ കണക്കിലെടുക്കില്ല. ഒളികാമറയുടെ സഹായത്തോടെ പരീക്ഷ നടത്തിയാണ് പരിച്ചുവിടൽ നോട്ടീസ് നൽകിയതെന്ന് സി.എസ്.ബി സ്റ്റാഫ് ഫെഡറേഷൻ (ബെഫി) ആരോപിച്ചു. ഇത്തരത്തിൽ രഹസ്യമായി പരീക്ഷ നടത്തി പ്രവർത്തനമികവ് തെളിയിക്കാൻ ജീവനക്കാരുടെ സേവന-വേതന കരാർ പ്രകാരം മനേജ്മൻെറിന് അവകാശമില്ല. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.എസ്.ബി സോണൽ ഓഫിസുകൾക്ക് മുന്നിൽ ബുധനാഴ്ച ധർണ നടത്തുമെന്ന് ബെഫി സംസ്ഥാന കമ്മിറ്റി അറിയിച്ചു. പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച തൃശൂരിലെ ബാങ്ക് ഹെഡ് ഓഫിസിന് മുന്നിൽ നടന്ന ധർണ ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല സെക്രട്ടറി രജിതമോൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുമ ഹർഷൻ, വിപിൻബാബു എന്നിവർ സംസാരിച്ചു. സ്റ്റാഫ് ജനറൽ സെക്രട്ടറി ജെറിൻ കെ. ജോൺ സ്വാഗതവും പ്രസിഡൻറ് സി.എ. മോഹൻ നന്ദിയും പറഞ്ഞു.
Next Story