Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 5:29 AM IST Updated On
date_range 31 Oct 2020 5:29 AM ISTമലിനജലം ഒഴുക്കിയത് ചോദ്യംചെയ്തതിന് കൊടും ക്രൂരത; യുവതിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
kol 50 Abhirami (24) കൊല്ലം: വീടിന് സമീപത്തുകൂടി മലിനജലം ഒഴുക്കുന്ന തർക്കം കൊലപാതകത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ ഇരുപത്തിനാലുകാരിക്ക് ദാരുണാന്ത്യം. ഉളിയക്കോവിൽ പഴയത്ത് ജങ്ഷന് സമീപം സ്നേഹനഗർ 23- ദമോദർമന്ദിരത്തിൽ മോസസ് ദാമോദർ-ലീന മോസസ് ദമ്പതികളുടെ മകൾ അഭിരാമി (24) ആണ് മരിച്ചത്. മാതാവിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് അഭിരാമി കുത്തേറ്റ് മരിച്ചത്. കഴുത്തിന് വെട്ടും തോളെല്ലിന് താഴെ ആഴത്തിൽ കുത്തുമേറ്റ ലീന മോസസിനെ (48) ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കുത്തിയ ഉളിയക്കോവിൽ ഫാമിലി നഗറിൽ പഴയത്ത് വീട്ടിൽ ഉമേഷ് ബാബുവിനെ (62) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മറിഞ്ഞ് കത്തിക്കുമുകളിലേക്ക് വീണപ്പോഴാണ് ഉമേഷ് ബാബുവിന് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഉമേഷ് ബാബുവിൻെറ വീട്ടിൽ നിന്ന് മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച് പരിസരവാസികൾ നേരത്തെ പൊലീസിലും കോർപറേഷനിലും പരാതി നൽകിയിരുന്നു. കോർപറേഷൻ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ടെറസിൽ നിന്നുള്ള മഴവെള്ളമല്ലാതെ മറ്റ് മാലിന്യം ഒഴുക്കരുതെന്ന് താക്കീത് ചെയ്തിരുന്നു. ഈ പ്രശ്നത്തിൻെറ തുടർച്ചയായാണ് വ്യാഴാഴ്ച രാത്രി ദാരുണസംഭവം ഉണ്ടായത്. ലീന അയൽവാസിയായ സുനിലിൻെറ വീട്ടിലേക്ക് വരുമ്പോൾ ഉമേഷിൻെറ ഭാര്യയും മകളും മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത ലീനയും ഉമേഷിൻെറ കുടുംബവുമായി സംസാരമുണ്ടായി. തർക്കത്തിനിടെ കത്തിയുമായെത്തിയ ഉമേഷ് ലീനയെ കഴുത്തിൽ വെട്ടുകയും കുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നിലവിളികേട്ട് ഓടിയെത്തുമ്പോഴാണ് അഭിരാമിയെ ആക്രമിച്ചത്. പിടിവലിക്കിടെ അഭിരാമിയുടെ അടിവയറ്റിൽ കുത്തേറ്റു. ഇതിനിടെ കത്തിയുമായി നിലത്തുവീണ ഉമേഷിന് കാലിൻെറ തുടയെല്ലിൽ കുത്തുകൊണ്ടു. ലീനയെയും അഭിരാമിയെയും സുനിലിൻെറ ഓട്ടോയിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഭിരാമി മരിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ ലീന അപകടനില തരണം ചെയ്തിട്ടില്ല. അഭിരാമിയുടെ മൃതദേഹം േകാവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുമായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ബംഗളൂരുവിലായിരുന്ന സഹോദരൻ ക്ലിൻറ് മോസസ് നാട്ടിലെത്തി. ഗൾഫിൽ ജോലി ചെയ്യുന്ന പിതാവ് മോസസ് ദാമോദർ ശനിയാഴ്ച നാട്ടിലെത്തും. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പ്രതികളായ ഉമേഷ് ബാബു, ഭാര്യ ശകുന്തള, മകൾ സൗമ്യ എന്നിവരെ ഇൗസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. രാജേഷിൻെറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. കോവിഡ് ടെസ്റ്റിനുശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story