Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരുവ വെട്ടിച്ച്...

തീരുവ വെട്ടിച്ച് ഇറക്കുമതി: റോയ് മാത്യുവിനെ കസ്​റ്റംസ് ചോദ്യം ചെയ്തു

text_fields
bookmark_border
കൊച്ചി: വിദേശത്തുനിന്ന് തീരുവ വെട്ടിച്ച് സാധനങ്ങളെത്തിച്ചതിന് മിനി മുത്തൂറ്റ് മാനേജിങ് ഡയറക്ടർ റോയ് മാത്യുവിനെ കസ്​റ്റംസ് ചോദ്യം ചെയ്തു. തീരദേശ പരിപാലന നിയമം ലംഘിച്ച്​ നിർമിച്ചതെന്ന് കണ്ടെത്തിയ ആലപ്പുഴയിലെ കാപികോ റിസോർട്ടിലേക്ക് 14 കോടിയുടെ സാധനങ്ങൾ കസ്​റ്റംസ് തീരുവ വെട്ടിച്ച് ഇറക്കിയെന്ന സംഭവത്തിലായിരുന്നു ചോദ്യം ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തീരുവയായി വെട്ടിച്ച തുകയുടെ കാര്യത്തിൽ ബുധനാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന കർശന ഉപാധിയോടെ വിട്ടയച്ചു. ചേർത്തലയിലെ നെടിയംതുരുത്തിൽ മുത്തൂറ്റ് മിനി ഗ്രൂപ്പും കാപികോ കുവൈത്ത്​ കമ്പനിയും ചേർന്ന് നിർമിച്ച റിസോർട്ടിലേക്ക് 2009 മുതൽ വിദേശത്തുനിന്ന് കോടികളുടെ ആഡംബര വസ്തുക്കൾ എത്തിച്ചെന്നാണ് കണ്ടെത്തൽ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കസ്​റ്റംസ് നോട്ടീസ് നൽകിയെങ്കിലും റോയ് മാത്യു തുക അടച്ചിരുന്നില്ല. ഇതോടെ തിരുവല്ലയിൽനിന്ന് കസ്​റ്റഡിയിലെടുത്ത് കൊച്ചിയിലെ കസ്​റ്റംസ് ഓഫിസിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കേന്ദ്ര പരോക്ഷ നികുതി വകുപ്പിൻെറ അന്വേഷണവും നടക്കുന്നുണ്ട്. കാപികോ കുവൈത്ത്​, മിനി മുത്തൂറ്റ് എന്നീ കമ്പനികളുടെ കൺസോർട്യം റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളിൽനിന്ന്​ എടുത്ത വായ്പകളിൽ 300 കോടി തിരിച്ചടവ് മുടങ്ങിയിരുന്നു. എന്നാൽ, റോയ് മാത്യുവിൻെറ ചോദ്യം ചെയ്യലിന് തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് മിനി മുത്തൂറ്റ് ഗ്രൂപ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കാപികോ കേരള റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ റോയ് മാത്യുവിന് നാമമാത്ര ഓഹരിയേ ഉള്ളൂവെന്നും കമ്പനി അറിയിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമാണമെന്ന് കണ്ടെത്തിയതോടെ 2013ൽ ഹൈകോടതി പൊളിക്കാൻ ഉത്തരവിട്ട റിസോർട്ടാണ് കാപികോ. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി ഇത് ശരിവെച്ചു.
Show Full Article
Next Story