Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 12:00 AM GMT Updated On
date_range 23 Sep 2020 12:00 AM GMTഫേസ്ബുക്ക് പോസ്റ്റ്: ഉമേഷ് വള്ളിക്കുന്നിന് വീണ്ടും മെമ്മോ
text_fieldsbookmark_border
കോഴിക്കോട്: വനിതാ സുഹൃത്തിന് ഫ്ലാറ്റ് തരപ്പെടുത്തിയതിന് സസ്പെൻഷനിലായ പൊലീസുകാരന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ യു. ഉമേഷിനാണ് (ഉമേഷ് വള്ളിക്കുന്ന്) ഫേസ്ബുക്ക് പോസ്റ്റിൻെറ പേരിൽ നോട്ടീസ് നൽകിയത്. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിനും ത്വാഹ ഫസലിനും ജാമ്യംകിട്ടിയ ദിവസം ഫേസ്ബുക്കിൽ അഭിപ്രായമെഴുതിയതിനാണ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് മെമ്മോ നൽകിയത്. തീവ്ര ഇടതുപക്ഷ പ്രവർത്തകർക്ക് അനുകൂല നിലപാടിൽ ഉമേഷ് അഭിപ്രായപ്രകടനം നടത്തിവരുന്നതായും മെമ്മോയിൽ പറയുന്നു. പ്രതികൾക്ക് അനുകൂല വിധത്തിലും തനിക്കെതിരെ നേരത്തേയുള്ള അച്ചടക്കനടപടിയെ പരിഹസിക്കുന്നതുമാണ് പോസ്റ്റെന്ന് മെമ്മോയിൽ കുറ്റപ്പെടുത്തുന്നു. അലനും ത്വാഹക്കും ജാമ്യം നൽകിയ വിധിയുടെ വിശദീകരണങ്ങൾ എല്ലാ െപാലീസ് ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും വായിച്ച് മനസ്സിലാക്കേണ്ടതാണെന്നായിരുന്നു പോസ്റ്റ്. അതിനിടെ, ഉമേഷ് വള്ളിക്കുന്നിനും സുഹൃത്തായ ആതിര കൃഷ്ണനുമെതിരായ പൊലീസ് നീക്കങ്ങളെ ചെറുത്തുതോൽപിക്കണെമന്ന് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കെ. സച്ചിദാനന്ദൻ, സിവിക് ചന്ദ്രൻ, എം.എൻ. കാരശ്ശേരി, കെ.അജിത, കൽപറ്റ നാരായണൻ തുടങ്ങിയവരാണ് പ്രസ്താവനയിറക്കിയത്.
Next Story