Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 8 Sep 2020 11:58 PM GMTഇരട്ടക്കൊലപാതകം: ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തും
text_fieldsbookmark_border
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിെനയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. മുറിവിൻെറ സ്വഭാവം അറിയാനും പ്രതികൾ കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ ഉറപ്പാക്കാനുമാണിത്. അതേസമയം കസ്റ്റഡിയിൽ വാങ്ങിയ ഏഴു പ്രതികളെയും ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എട്ടാം പ്രതി സനലിനെ ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ ഇയാളെ റിമാൻഡ് ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതേസമയം കസ്റ്റഡിയിലെടുത്ത മറ്റ് ആറുപേരുടെ തെളിവെടുപ്പ് വരുംദിവസങ്ങളിൽ നടക്കും. പകൽ പ്രതികളുമായുള്ള തെളിവെടുപ്പ് വെല്ലുവിളിയായതിനാൽ രാത്രി തേമ്പാംമൂട് ജങ്ഷനിലടക്കം എത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണസംഘത്തിൻെറ പദ്ധതി. പകൽ പ്രതികളുമായുള്ള തെളിവെടുപ്പ് സംഘർഷ സാധ്യതക്കിടയാക്കുമെന്ന ഇൻറലിജൻസ് റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. മിഥിലാജിൻെറയും ഹഖ് മുഹമ്മദിൻെറയും മരണം ഉറപ്പാക്കിയ ശേഷമാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മിഥിലാജിൻെറയും ഹഖ് മുഹമ്മദിൻെറയും കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ ആക്രമണത്തിൽ കേസിലെ മുഖ്യപ്രതി ഉണ്ണിക്കടക്കം പരിക്കേറ്റു. ഹഖും മിഥിലാജും മറ്റ് രണ്ടുപേരും ചേർന്ന് സജീവിനെ ആക്രമിച്ചു. പിന്നാലെ ഉണ്ണിയും സനലും സജീവും ചേർന്ന് ഹഖിനെയും മിഥിലാജിനെയും ആക്രമിച്ചു. സജീവാണ് മിഥിലാജിനെ പിന്നിൽനിന്ന് കുത്തിയത്. കുത്തേറ്റ മിഥിലാജ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുറച്ചുദൂരം ചെന്നശേഷം റോഡിൽ വീണു. മിഥിലാജിന് കുത്തേറ്റതോടെ ഒപ്പമുണ്ടായിരുന്ന രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രക്ഷപ്പെട്ടു. ചെറുത്തുനിന്ന ഹഖിനെയും സജീവ് ഇടനെഞ്ചിൽ കുത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഹഖ് നിലത്തുവീണു. തുടർന്ന്, ഉണ്ണിയും സനലും ചേർന്ന് വളഞ്ഞിട്ട് വെട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഇതിൻെറ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Next Story