Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTസുഹൃത്തിനൊപ്പം വീട്ടിൽനിന്നിറങ്ങിയ ഗൃഹനാഥൻ കൊല്ലപ്പെട്ടനിലയിൽ; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണനല്ലൂർ: കാടക്കോഴി വാങ്ങുന്നതിനായി സുഹൃത്തിനൊപ്പം വീട്ടിൽനിന്നിറങ്ങി കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന മുട്ടയ്ക്കാവ് വടക്കേതൊടിവീട്ടിൽ ഷൗക്കത്തലിയെയാണ് (60) അഞ്ചൽ മണലിൽ വെള്ളച്ചാലിലുള്ള റബർതോട്ടത്തിലെ പൊട്ടക്കിണറ്റിൽ കൊലപ്പെടുത്തി തള്ളിയ നിലയിൽ കണ്ടെത്തിയത്. ഇയാളെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ മണലിൽ വെള്ളച്ചാൽ പുത്തൻവീട്ടിൽ ഷൈജു (31), ഇയാളുടെ സുഹൃത്ത് വെള്ളച്ചാൽ അനീഷ് ഭവനിൽ അനീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28ന് രാവിലെ പത്തോടെയാണ് മരം മുറിപ്പ് തൊഴിലാളിയായ ഷൗക്കത്തലി പോയത്. രണ്ടുദിവസമായിട്ടും ഷൗക്കത്തലി തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് ഭാര്യ ഉമൈറത്ത് കഴിഞ്ഞ 30ന് കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകി. തുടർന്ന് ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. തുടർന്ന് കണ്ണനല്ലൂർ പൊലീസ് സംഭവസ്ഥലത്തെത്തി കിണറ്റിൽനിന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട ഷൗക്കത്തലിയുമായി വെള്ളച്ചാലിലെ വീട്ടിലെത്തിയ ഷൈജു ഇയാളൊടൊപ്പം മദ്യപിക്കുന്നതിനിടയിൽ തനിക്ക് വീട്ടിൽ പോകണമെന്ന് ആവശ്യപ്പെടുകയും പോകാൻ പറ്റില്ലെന്ന് പറഞ്ഞ ഷൈജുവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനെത്തുടർന്ന് ഷൈജു ഷൗക്കത്തലിയെ ആക്രമിച്ച് വീടിന് മുന്നിലെ താഴ്ചയിലേക്ക് തള്ളിയിട്ടു. ഇയാൾ താഴേക്ക് വീണയുടൻ ഷൈജു സുഹൃത്തായ അനീഷിനെ വിളിച്ചുവരുത്തി. ഷൗക്കത്തലി മരിച്ചെന്നറിഞ്ഞതോടെ ഇരുവരും ചേർന്ന് മൃതദേഹം മുക്കാൽ കിലോമീറ്റർ അകലെയുള്ള റബർതോട്ടത്തിലെ പൊട്ടക്കിണറ്റിൽ കൊണ്ടിട്ടു. ജില്ല പൊലീസ് സർജൻ, പുനലൂർ തഹസിൽദാർ, ഫോറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. ഷൗക്കത്തലിയുടെ മക്കൾ: ഷംനാദ്, നെസിയത്ത്. മരുമക്കൾ: ഷെമീർ, സുബിന. ചാത്തന്നൂർ എ.സി.പി ഷൈനു തോമസ്, കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻ കുമാർ, എസ്.ഐമാരായ നിയാസ്, സുന്ദരേശൻ, രാജേന്ദ്രൻ പിള്ള, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബാബുരാജ്, സി.പി.ഒ മാരായ നജീബ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Next Story