Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 11:58 PM GMT Updated On
date_range 25 Aug 2020 11:58 PM GMTപിണറായി മുണ്ടുടുത്ത സ്റ്റാലിൻ -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിൻെറ വായ് മൂടിക്കെട്ടാനാണ് സർക്കാർ ശ്രമിച്ചതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ ഏകദിന ഉപവാസത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ പ്രതിപക്ഷത്തിൻെറ ഒറ്റ ചോദ്യത്തിനും മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. വർഗീയതയുടെ വിഷംചീറ്റുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഹിന്ദുത്വ ശക്തികളുമായി കൈകോർത്ത ചരിത്രമാണ് സി.പി.എമ്മിനുള്ളത്. സംസ്ഥാനത്ത് അംഗീകൃത പ്രതിപക്ഷ പദവിപോലും കോൺഗ്രസിന് നഷ്ടപ്പെടുന്നത് സ്വപ്നം കാണുന്ന പിണറായി, കോൺഗ്രസിനു പകരം ബി.ജെ.പിയെ വളർത്തുകെയന്ന ആഗ്രഹമാണ് തുറന്നുപറഞ്ഞത്. മുഖ്യമന്ത്രിയുടെ ഒാഫിസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറായിരുന്നു സൂപ്പർ മുഖ്യമന്ത്രി. സി.പി.എം-ബി.ജെ.പി ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി. ജലീൽ അറസ്റ്റിൻെറ വഴിയിലാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടു പോലും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പിണറായി വിജയൻ മുണ്ടുടുത്ത സ്റ്റാലിനിസ്റ്റാണ്. ആർജവമുണ്ടെങ്കിൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ പിണറായി തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡൻറിനെ ത്രിവർണ ഷാൾ അണിയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. വൈകീട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമര സമാപനം ഉദ്ഘാടനം െചയ്തു.
Next Story