Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിൽ, നഴ്സിങ് വിദ്യാർഥിനികളെ തിരികെ വിളിക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: സ്റ്റൈപ്പൻഡ് വർധന ആവശ്യപ്പെട്ട സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങിയ സാഹചര്യത്തിൽ പകരം സൗകര്യമേർപ്പെടുത്താൻ നഴ്സിങ് വിദ്യാർഥിനികളെ തിരികെ വിളിക്കുന്നു. സർക്കാർ നഴ്സിങ് കോളജുകളിെല അവസാന വർഷ ബി.എസ്സി, ജനറൽ നഴ്സിങ് വിദ്യാർഥികളെയാണ് ആശുപത്രികളിൽ നിയോഗിക്കാൻ തീരുമാനിച്ചത്. ഇൗ മാസം 24 മുതൽ അക്കാദമിക്-ക്ലിനിക് ഡ്യൂട്ടിക്ക് വിദ്യാർഥികളെ ഹാജരാക്കണമെന്ന് നഴ്സിങ് കോളജ് പ്രിൻസിപ്പൽമാർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. കോഴ്സ് കഴിഞ്ഞ് ഒരുവർഷത്തെ നിർബന്ധിത സേവനമനുഷ്ഠിക്കുന്ന 375 ജൂനിയർ നഴ്സുമാരാണ് വെള്ളിയാഴ്ച മുതൽ സമരമാരംഭിച്ചത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനത്തിന് തുല്യമായ തുക തങ്ങൾക്ക് സ്റ്റൈപ്പൻഡായി നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും അത് പാലിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. 2016 ലാണ് 6000 രൂപയിൽനിന്ന് അന്നത്തെ സ്റ്റാഫ് നഴ്സിൻെറ അടിസ്ഥാനശമ്പളമായ 13,900 രൂപയാക്കി സ്റ്റെെപ്പൻഡ് ഉയർത്തിയത്. എന്നാൽ ശമ്പള പരിഷ്കരണം നടക്കുകയും സ്റ്റാഫ് നഴ്സിൻെറ അടിസ്ഥാനശമ്പളം 27,800-59,400 എന്ന സ്കെയിലിലേക്ക് പരിഷ്കരിക്കുകയും ചെയ്തു. പുതിയ ശമ്പള പരിഷ്കരണം നിലവിൽ വന്ന് നാലുവർഷം കഴിഞ്ഞും ജൂനിയർ നഴ്സുമാരുടെ ആനുകൂല്യത്തിൽ ഒരു വർധനയും വരുത്തിയിട്ടില്ല. സമാനസ്വഭാവത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന മറ്റ് വിഭാഗങ്ങൾക്ക് ഉയർന്ന നിരക്കിൽ സർക്കാർ വേതനം നിശ്ചയിക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇൗ മാസം എട്ടിന് കരിദിനം ആചരിക്കുകയും ഒമ്പതിന് ഒരു ദിവസത്തേക്ക് ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്നും പരിഹാരം കാണാത്ത സാഹചര്യത്തിലേക്കാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. അതേസമയം ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുന്നതായി സമരക്കാർ പറയുന്നു.
Next Story