Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTകപ്പൽപാത: കേന്ദ്രത്തിന് വീണ്ടും നിവേദനം നൽകും
text_fieldsbookmark_border
കൊല്ലം: നിർദിഷ്ട കപ്പൽപാത സംബന്ധിച്ച കേരളത്തിൻെറ ആശങ്കകൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാറിന് വീണ്ടും നിവേദനം നൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേന്ദ്ര സർക്കാർ ആഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കുന്ന കപ്പൽപാത കേരള തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെക്കൂടി എങ്കിലും നടപ്പാക്കുന്നതായിരിക്കും അഭികാമ്യമെന്നും മന്ത്രി പറഞ്ഞു. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കേന്ദ്ര സർക്കാറിന് രണ്ടാമത്തെ നിവേദനം നൽകുന്നതിന് വിളിച്ച വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുവന്നപ്പോൾതന്നെ സംസ്ഥാനത്തിൻെറ ആശങ്ക അറിയിച്ചിരുന്നു. 2018 നവംബർ 22ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചിരുന്നു. പുതിയ കപ്പൽപാത വരുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം പോലും ലഭിക്കാത്ത അവസ്ഥയാണ്. വാണിജ്യ കപ്പലുകൾ പ്രധാനമായും വടക്കുനിന്ന് തെക്കോട്ടാണ് സഞ്ചരിക്കുന്നത്. എന്നാൽ, മത്സ്യബന്ധന യാനങ്ങൾ കിഴക്കുനിന്ന് പടിഞ്ഞാറു ഭാഗത്തേക്കാണ് പോകുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കും. കഴിഞ്ഞ കാലങ്ങളിലുണ്ടായ അപകടങ്ങൾ, വാണിജ്യ കപ്പലുകളുടെ സഞ്ചാരപഥം, അനുവദിക്കാവുന്ന പരമാവധി കപ്പലുകളുടെ എണ്ണം എന്നിവ കൂടി പരിശോധിച്ച് അപകടസാധ്യത പരമാവധി കുറയ്ക്കാൻ നിർദിഷ്ട കപ്പൽപാത ദൂരേക്ക് മാറ്റേണ്ടതുണ്ട്. കടൽയാത്രയുടെ സുരക്ഷ, കടൽ സുരക്ഷ, കൂട്ടിയിടിക്കൽ പരമാവധി ഒഴിവാക്കുന്നതിനുള്ള നടപടികൾ എന്നിവകൂടി പരിഗണിച്ചുവേണം തീരുമാനമെടുക്കേണ്ടത്. കേരളത്തിൽ ലഭിക്കുന്ന മത്സ്യത്തിൻെറ 90 ശതമാനവും 50 നോട്ടിക്കൽ മൈലിനുള്ളിൽനിന്നാണ് പിടിക്കുന്നത്. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡൻറ് കൂട്ടായി ബഷീർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡൻറ് ടി. പീറ്റർ, ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിൽ, ഒാൾ കേരള ബോട്ട് അസോസിയേഷൻ പ്രതിനിധികളായ ജോസഫ് സേവിയർ കളപ്പുരയ്ക്കൽ, ഉമ്മൻ ഓട്ടുമ്മൻ (എസ്.റ്റി.യു), ശിവദാസ് (ജനതാ മത്സ്യത്തൊഴിലാളി യൂനിയൻ), പുല്ലുവിള സ്റ്റാൻലി (കേരള സംസ്ഥാന അനുബന്ധ മത്സ്യത്തൊഴിലാളി യൂനിയൻ), ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story