Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 11:58 PM GMT Updated On
date_range 27 July 2020 11:58 PM GMTകോവിഡ്: കിളിമാനൂരും ഭീതിയിൽ; പ്രതിക്ക് പോസിറ്റിവ്, പൊലീസുകാർ നിരീക്ഷണത്തിൽ
text_fieldsbookmark_border
കിളിമാനൂർ: മാല മോഷണക്കേസിൽ അറസ്റ്റിലായ പ്രതിക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. അറസ്റ്റ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതോടെ നാട്ടുകാരും പൊലീസും ഭീതിയിൽ. ഫലം വന്നത് തിങ്ക്ളാഴ്‌ച ഉച്ചയോടെ, പൊലീസുകാരിൽ 13 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റിവ്. ഇക്കഴിഞ്ഞ 17 നാണ് പുതിയകാവിനു സമീപം കാറിലിരുന്ന മൂന്ന് വയസ്സുകാരിയുടെ മാല പൊട്ടിച്ചുകടന്ന കേസിൽ അറസ്റ്റിലായ മലയ്ക്കൽ സ്വദേശിയായ യുവാവിനെ കിളിമാനൂർ പൊലീസ് സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. റിമാൻഡിലാക്കുന്നതിനു മുമ്പ് പ്രതിയുടെ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റിവായി. ഇതിനെ തുടർന്ന് സ്റ്റേഷനിലെ പൊലീസുകാരോട് സ്രവ പരിശോധനക്ക് വിധേയമാകാൻ ആരോഗ്യ വകുപ്പ് അറിയിപ്പ് നൽകി. ഉച്ചയോടെയാണ് റിപ്പോർട്ട് സ്റ്റേഷനിലെത്തിയത്. അതിനാൽ 13 പേർ തട്ടത്തുമല ഗവ.സ്കൂളിൽ നടന്ന സ്രവ പരിശോധനയിൽ പങ്കെടുത്തു. ബാക്കിയുള്ള പൊലീസുകാർക്ക് ചൊവ്വാഴ്ച മാത്രമേ പരിശോധന നടക്കൂ. ഇതിനിടയിൽ സ്റ്റേഷനിൽ ആരൊക്കെ വന്നു പോയെന്നോ, പൊലീസുകാർ ആരൊക്കെയായി സമ്പർക്കത്തിലായെന്നോ ആരോഗ്യ വിഭാഗം അന്വേഷിച്ചിട്ടില്ല. പ്രതി മാല പൊട്ടിച്ചെടുത്ത കുട്ടിയെ സംബന്ധിച്ചും ആരോഗ്യ വിഭാഗം അന്വേഷിച്ചിട്ടില്ല. പള്ളിക്കലിൽ ഭീതി ഒഴിഞ്ഞു; സ്റ്റേഷനിലെ പൊലീസുകാർക്ക് നെഗറ്റിവ് കിളിമാനൂർ: കച്ചവട സ്ഥാപനത്തിൽ അതിക്രമം കാട്ടിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡായതോടെ ഭീതിയിലായ പള്ളിക്കൽ സ്റ്റേഷനിലെ പൊലീസുകാർ താൽക്കാലിക ആശ്വാസം. തിങ്കളാഴ്ച പള്ളിക്കൽ സി.എച്ച്.സിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ മുഴുവൻ പൊലീസുകാർക്കും ഫലം നെഗറ്റിവ്. പള്ളിക്കൽ സി.എച്ച്.സിക്ക് സമീപത്തുള്ള തട്ടുകടയിൽ അതിക്രമം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിക്കാണ് പരിശോധനയിൽ കോവിഡ് പോസിറ്റിവ് രേഖപ്പെടുത്തിയത്. തുടർന്ന് മുഴുവൻ പൊലീസുകാരോടും തിങ്കളാഴ്ച സി.എച്ച്.സി യിൽ പരിശോധനക്ക് വിധേയരാകാൻ ആരോഗ്യ വകുപ്പ് അറിയിപ്പുനൽകി. ആശുപത്രിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ എല്ലാ പേർക്കും നെഗറ്റിവ് രേഖപ്പെടുത്തി. എന്നാൽ, ആൻറിജൻ ടെസ്റ്റ് പൂർണമല്ലെന്നാണ് കിളിമാനൂരിലെ ഒരു പി.എച്ച്.സി മെഡിക്കൽ ഓഫിസർ പറയുന്നത്. ഏതായാലും ഒന്നര ദിവസത്തെ ഭീതിപൂർണമായും മാറിയതായി പള്ളിക്കൽ സ്റ്റേഷൻ ഓഫിസർ പ്രതികരിച്ചു.
Next Story