Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTചാലയിലെ ചുമട്ടുതൊഴിലാളിക്കും വ്യാപാരികൾക്കും കോവിഡ്; വിവരം മറച്ചുവെച്ചതായി നഗരസഭ അധികൃതർ
text_fieldsbookmark_border
തിരുവനന്തപുരം: ചാലയിലെ ചുമട്ടുതൊഴിലാളിക്കും ചായക്കടക്കാരനുമടക്കം ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇതുസംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് കൃത്യമായി നൽകാത്തതിൽ നഗരസഭ അധികൃതർക്ക് അതൃപ്തി. ആരോഗ്യവകുപ്പിൻെറ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച നഗരത്തിലെ സ്ഥിതി കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയിലാണ് ജനപ്രതിനിധികൾ അടക്കമുള്ളവർ. തിങ്കളാഴ്ച ഉച്ചയോടെയാണ് മാർക്കറ്റിലെ തൊഴിലാളിക്കും കരിമഠം കോളനിയിൽനിന്നുള്ള ചായക്കടക്കാരനും ചാലയിൽനിന്ന് പച്ചക്കറി സാധനങ്ങൾ വാങ്ങി പുറത്തുകൊണ്ടുപോയി വിൽക്കുന്നയാൾക്കും ഇയാളുടെ ഭാര്യക്കും മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് ഒരു വിവരവും ആരോഗ്യവകുപ്പ് അധികൃതർ കലക്ടർക്കോ നഗരസഭക്കോ ജനപ്രതിനിധികൾക്കോ പൊലീസിനോ കൈമാറിയില്ല. ഇതോടെ അണുനശീകരണം നടക്കാത്ത മാർക്കറ്റിലേക്ക് തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ചയും നൂറുകണക്കിന് ആളുകളാണ് സാധനങ്ങൾ വാങ്ങാനെത്തിയത്. വ്യാപാരിക്കും ചുമട്ടുതൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ച സ്ഥിതിക്ക് ചാല മാർക്കറ്റ് അടിയന്തരമായി അടച്ചിടണമെന്നും അല്ലാത്ത പക്ഷം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും രഹസ്യാന്വേഷണ വിഭാഗവും സ്പെഷൽ ബ്രാഞ്ചും തിങ്കളാഴ്ച വൈകീട്ടോടെ റിപ്പോർട്ട് നൽകിയെങ്കിലും ഒരു തുടർനടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല. അതത് പ്രദേശത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ വാർഡ് മെംബർമാർക്കും കൗൺസിലർമാർക്കും സ്ഥലത്തെ പൊലീസ് സ്റ്റേഷനുകൾക്കും നൽകണമെന്നും അതിലൂടെ പ്രതിരോധ പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടപ്പാക്കണമെന്നുമായിരുന്നു ജൂലൈ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നത്. എന്നാൽ, നാളിതുവരെ ആരോഗ്യവകുപ്പിൽനിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കൗൺസിലർമാരും പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. മാധ്യമങ്ങളിലൂടെയും വാട്സ്ആപ്പിലൂടെയും ഇതുസംബന്ധിച്ച് വിവരങ്ങൾ ലഭിക്കുമ്പോഴാണ് തങ്ങളുടെ പ്രദേശത്തും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി അറിയുന്നത്. ഇതോടെ രോഗിയുമായി പ്രാഥമികമായി സമ്പർക്കം പുലർത്തിയവരെപ്പോലും കണ്ടെത്തി നിരീക്ഷണത്തിൽ പാർപ്പിക്കാൻ വൈകുന്നതായി കൗൺസിലർമാർ പറയുന്നു. ഇതൊഴിവാക്കാൻ രോഗം ബാധിച്ചവരുടെ കൂടുതൽ വിവരങ്ങൾ ജനപ്രതിനിധികൾക്കും പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലേക്കും നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Next Story