Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTസാനിറ്റൈസർ ഡിസ്പെൻസറിന് വാച്ച് മാതൃക ഒരുക്കി എൻജിനീയറിങ് വിദ്യാർഥികൾ
text_fieldsbookmark_border
തിരുവനന്തപുരം: സാനിറ്റൈസർ ഡിസ്പെൻസറിന് വാച്ചിൻെറ മുഖം നൽകി എൻജിനീയറിങ് വിദ്യാർഥികൾ. കൈയിൽ വാച്ചിന് സമാനമായി അണിയുന്ന ഉപകരണത്തിൽ വിരലമർത്തിയാൽ സാനിറ്റൈസർ തുള്ളികൾ ഉള്ളം കൈയിലേക്ക് തെറിച്ചുവീഴും. വാതിൽ പിടികളിലേക്കും ലിഫ്റ്റ് ബട്ടണുകളിലേക്കും സാനിറ്റൈസർ സ്േപ്ര ചെയ്യാം. ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സ്റ്റാർട്ടപ് സംരംഭത്തിന് കീഴിൽ വികസിപ്പിച്ച സാനിറ്റൈസർ ആർക്കും കൈപ്പിടിയിലൊതുങ്ങുമെന്ന പ്രത്യേകതയുമുണ്ട്. നാലാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ആർ. അഖിൽരാജ്, അന്ന മേരി ജോസ്, ബിമൽ ശ്രീകുമാർ, എസ്. ഗായത്രി, പാപ്പനംകോട് ശ്രീചിത്ര തിരുന്നാൾ എൻജിനീയറിങ് കോളജ് വിദ്യാർഥി നിവിൻ ജോയുമാണ് വാച്ച് മാതൃക തയാറാക്കിയത്. ഇവർക്ക് മാർഗനിർദേശവുമായി ബാർട്ടൺഹിൽ കോളജിലെ അസി. പ്രഫസർ ഡോ. അനീഷ് കെ. ജോണുമുണ്ടായിരുന്നു. AID -X സാനിറ്റൈസർ ബാൻഡ് എന്ന് പേരിട്ട ഉപകരണത്തിൽ ഒരുതവണ സാനിറ്റൈസർ നിറച്ചുകഴിഞ്ഞാൽ 30 തവണ ഉപയോഗിക്കാം. വാച്ച് പോലെ കെട്ടുകയോ വാച്ചിൽ തന്നെ ഘടിപ്പിക്കാവുന്ന തരത്തിലുമാണ് ഇത് രൂപകൽപന ചെയ്തത്. ബീറ്റാമെക്സ് എന്ന സ്റ്റാർട്ടപ്പിന് കീഴിൽ വികസിപ്പിച്ച ഉപകരണത്തിന് ഡിസൈൻ പേറ്റൻറിന് അപേക്ഷിച്ചിട്ടുണ്ട്. ഉപകരണം ഉടൻ തന്നെ വിപണിയിലെത്തിക്കാനാണ് ശ്രമം. നൂറ് രൂപ മാത്രമേ ഇതിന് നിർമാണച്ചെലവുള്ളൂവെന്ന് വിദ്യാർഥികൾ പറയുന്നു.
Next Story