Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTപൊലീസ് ആസ്ഥാനത്ത് 'ചിറ്റമ്മനയം'; സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിക്കേണ്ട ഗതികേടിൽ എ.എസ്.ഐമാർ
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ 'ചിറ്റമ്മനയം' മൂലം തിരുവനന്തപുരം റേഞ്ചിൽ സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിക്കേണ്ട ഗതികേടിൽ നൂറുകണക്കിന് പൊലീസുകാർ. ജൂൺ 22ന് എ.എസ്.ഐ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെ എസ്.ഐയായി സ്ഥാനക്കയറ്റം നൽകിയുള്ള ലിസ്റ്റിന് ഡിപ്പാർട്ട്മൻെറൽ പ്രമോഷൻ കമ്മിറ്റി അംഗീകാരം നൽകിയെങ്കിലും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും മേലുദ്യോഗസ്ഥരുടെയും മെല്ലെപ്പോക്ക് നയങ്ങളെ തുടർന്ന് അനുബന്ധപ്രവർത്തനങ്ങൾ നടന്നില്ല. പ്രമോഷൻ ലിസ്റ്റ് റേഞ്ച് ഐ.ജി ഒാഫിസിൽ എത്തിക്കാൻപോലും തയാറാകാത്തതിനാൽ കഴിഞ്ഞമാസം മാത്രം ലിസ്റ്റിലുണ്ടായിരുന്ന 46 പേർക്ക് ഗ്രേഡ് എ.എസ്.ഐമാരായി വിരമിക്കേണ്ടിവന്നു. ഈമാസം അഞ്ചുപേർകൂടി വിരമിക്കും. 30 വർഷത്തിലധികം സർവിസ് പൂർത്തിയാക്കിവരാണ് പട്ടികയിലുള്ളത്. മറ്റ് റേഞ്ചുകളിൽ മാസങ്ങൾക്ക് മുമ്പ് പ്രമോഷൻ നടപടികൾ പൂർത്തിയായി. തിരുവനന്തപുരം റേഞ്ചിൽ ചില ഉദ്യോഗസ്ഥർ ഇടപെട്ട് നടപടികൾ വൈകിപ്പിക്കുകയാണത്രെ. നൂറിലധികം എസ്.ഐ തസ്തികകളാണ് റേഞ്ചിൽ ഒഴിഞ്ഞുകിടക്കുന്നത്. വർഷങ്ങൾ നീണ്ട സീനിയോറിറ്റി തർക്കത്തിന് സുപ്രീംകോടതി വിധിയിലൂടെ അന്തിമ പരിഹാരമായെങ്കിലും വകുപ്പ് മേലധികാരികളും സംഘടനയും സ്വീകരിക്കുന്ന സമീപനത്തിൽ സേനക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. കോവിഡും ട്രിപ്പിൾ ലോക്ഡൗണും മൂലം പ്രമോഷൻ ലിസ്റ്റ് ഇറങ്ങാൻ വൈകുന്നെന്നാണ് ഇതുസംബന്ധിച്ച് അധികൃതർ നൽകുന്ന മറുപടി. എന്നാൽ ഇക്കാലയളവിൽ തന്നെയാണ് ഉന്നതരുടെ പ്രമോഷനും ഐ.പി.എസിന് അർഹരാകാൻ യോഗ്യതയുള്ളവരുെട ലിസ്റ്റും പൊലീസ് ആസ്ഥാനത്തുനിന്ന് ഇറങ്ങിയത്. ട്രിപ്പിൾ ലോക്ഡൗണിൽ തലസ്ഥാനത്തെ സർക്കാർ ഓഫിസുകൾ അടച്ചപ്പോഴും പൊലീസ് ആസ്ഥാനം പ്രവർത്തിക്കുമെന്നായിരുന്നു ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന്് മീനിസ്റ്റീരിയൽ ജീവനക്കാർക്കെല്ലാം വർക് ഫ്രം ഹോം അനുവദിച്ചു. രണ്ട് ദിവസംകൊണ്ട് നടപടികൾ പൂർത്തിയാക്കി പൊലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവിറക്കാവൂന്നതേയുള്ളൂ. പ്രമോഷൻ ലിസ്റ്റ് പുറത്തിറക്കാത്തതിനെ തുടർന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനുള്ളിലും പ്രതിഷേധം ശക്തമാണ്. വിഷയത്തിൽ സംഘടന കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ഐ.പി.എസുകാരെ ഭയന്ന് അർഹമായ അവകാശങ്ങൾക്കുനേരെ നേതാക്കൾ കണ്ണടക്കുകയാണെന്നും പൊലീസുകാർ ആരോപിച്ചു. -അനിരു അശോകൻ
Next Story