Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:33 AM IST Updated On
date_range 12 Aug 2022 12:33 AM ISTഅതിഥി തൊഴിലാളികൾ നിരീക്ഷണത്തിൽ, പ്രതിക്കൊപ്പം താമസിച്ചിരുന്നവരെ വിശദമായി ചോദ്യം ചെയ്യും ലഹരിവസ്തുക്കളുടെ ഉപയോഗവും പരിശോധിക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: കേശവദാസപുരത്ത് വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തെതുടർന്ന് ജില്ലയിലെ അതിഥി തൊഴിലാളികളുടെ നിരീക്ഷണം പൊലീസ് ശക്തമാക്കി. അതിഥി തൊഴിലാളികളുടെ വിശദാംശങ്ങൾ കൃത്യമായി കൈമാറാത്ത കരാറുകാർക്കെതിരെ നടപടി ഉൾപ്പെടെ സ്വീകരിക്കും. അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ കൂടുതൽ പരിശോധന നടത്തും. കൊലപാതകം നടത്തിയ പ്രതി ആദം അലി പാൻപരാഗ് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചുവന്നിരുന്നതായി വ്യക്തമായിട്ടുണ്ട്. അതിനാൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതവരുത്തും. ആദം അലി ഒറ്റക്കാണ് കൊല നടത്തിയതെന്നും മൃതദേഹം കിണറ്റിലിട്ടതെന്നും ആവർത്തിക്കുമ്പോഴും ഇയാൾക്കൊപ്പം താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച് പേർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോയെന്ന സംശയം പൊലീസ് തള്ളിക്കളയുന്നില്ല. നിലവിൽ ചോദ്യം ചെയ്യലിൽ തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നാണ് അവർ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. ഇവരെ വെവ്വേറെയായി ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. തലസ്ഥാനനഗരിയിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കൊലപാതകങ്ങൾ ഉൾപ്പെടെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേശവദാസപുരത്തിന് പുറമെ മാസങ്ങൾക്ക് മുമ്പ് പേരൂർക്കടയിലും ഒരു സ്ത്രീ ഇത്തരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. വൃദ്ധയെ കൊലപ്പെടുത്തിയ പ്രതി തിരുവനന്തപുരത്തെത്തി ജോലി ചെയ്തിട്ടും ആ വിവരമൊന്നും പൊലീസിന് ലഭിച്ചിരുന്നില്ലെന്നതാണ് സത്യം. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഇത്തരം തൊഴിലാളികളുടെ വിശദാംശങ്ങൾ കൃത്യമായി ശേഖരിക്കാനാണ് പൊലീസ് തീരുമാനം. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story