Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:16 AM IST Updated On
date_range 8 Aug 2022 12:16 AM ISTകല്ലമ്പലത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും മോഷണശ്രമവും
text_fieldsbookmark_border
കല്ലമ്പലം: കല്ലമ്പലത്തിന് സമീപം പുല്ലൂർമുക്ക് മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണവും മോഷണശ്രമവും. കല്ലമ്പലം-നഗരൂർ റോഡിൽ പുല്ലൂർമുക്ക്, ഇടവൂർക്കോണം, പുതുശ്ശേരിമുക്ക് സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. ഒരു കിലോമീറ്ററിനുള്ളിലുള്ള അഞ്ച് സ്ഥാപനങ്ങളിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. പുതുശ്ശേരിമുക്കിൽ താഹയുടെ ഉടമസ്ഥതയിലുള്ള അൽമക്ക പൗൾട്രിഫാം, ഇടവൂർക്കോണത്ത് ഷെരിഫീന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, പുല്ലൂർമുക്കിൽ ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ബറക്കത്ത് പൗൾട്രിഫാം, സമീപത്തെ ഉമ്മറിന്റെ പി.കെ.വൈ വെജിറ്റബിൾ ഷോപ് എന്നിവിടങ്ങളിൽ മോഷണവും പുല്ലൂർമുക്ക് സ്വദേശി സലാമിന്റെ ഉടമസ്ഥതയിലുള്ള മെത്തക്കടയിൽ മോഷണശ്രമവുമാണ് നടന്നത്. എല്ലാ കടകളുടെയും വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മെത്തക്കടയിലെ പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അൽമക്ക പൗൾട്രിഫാമിൽനിന്ന് 10000 രൂപയും, വെജിറ്റബിൾ ഷോപ്പിൽനിന്ന് 2500 രൂപയും, ബറക്കത്ത് പൗൾട്രിഫാമിൽ നിന്ന് 1000 രൂപയും, പലചരക്ക് കടയിൽനിന്ന് സിഗററ്റും പാനീയങ്ങളും ചില്ലറ രൂപയും നഷ്ടപ്പെട്ടതായി കടയുടമകൾ പറഞ്ഞു. പലചരക്ക് കടയിൽ മുമ്പും കവർച്ച നടന്നിട്ടുണ്ട്. അന്ന് 35000 രൂപയും സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ബറക്കത്ത് പൗൾട്രിഫാമിലും സമാന രീതിയിൽ ഇതിന് മുമ്പും കവർച്ച നടന്നിട്ടുണ്ട്. തുടർന്ന് ഫാമിന്റെ വാതിലുകൾ ബലപ്പെടുത്തിയെങ്കിലും കമ്പിപ്പാരയോ പിക്കാസോ ഉപയോഗിച്ച് ഇരുമ്പ് വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. രാത്രി 11 വരെ റോഡിൽ പ്രദേശവാസികളുണ്ടായിരുന്നു. 12.15ന് അൽമക്ക പൗൾട്രിഫാമിൽ കോഴിയുമായി ലോഡ് വന്ന വാഹനത്തിലെ ഡ്രൈവറാണ് വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ട് ഉടമയെ വിവരമറിയിച്ചത്. കല്ലമ്പലം പൊലീസിൽ വ്യാപാരികൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും അന്വേഷണം ഊർജിതപ്പെടുത്തണമെന്നും വ്യാപാരവ്യവസായി ഏകോപനസമിതി കല്ലമ്പലം യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി ആവശ്യപ്പെട്ടു. Twatl moshanam പുല്ലൂർമുക്കിൽ വ്യാപാര സ്ഥാപനം മോഷ്ടാക്കൾ കുത്തിപ്പൊളിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
