Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:54 AM IST Updated On
date_range 7 Aug 2022 12:54 AM ISTമഴയുടെ മറവിൽ ആളിയാറിലെ അധിക ജലം പാഴാക്കി തമിഴ്നാട്
text_fieldsbookmark_border
തിരുവനന്തപുരം: പറമ്പിക്കുളം ആളിയാർ (പി.എ.പി) കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട അധിക പ്രളയ ജലം ലഭിക്കാതിരിക്കാൻ ആളിയാർ ഡാമിൽനിന്ന് ചിറ്റൂർ പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ട് തമിഴ്നാട്. ആളിയാർ ഡാം പ്രദേശത്ത് ഇപ്പോൾ കനത്ത മഴയില്ലെന്നാണ് ജലസേചന വകുപ്പിന്‍റെ നിഗമനം. പി.എ.പി കരാർ പ്രകാരം ആളിയാർ ഡാമിൽനിന്ന് ചിറ്റൂർപുഴയിൽ പ്രതിവർഷം 7.25 ടി.എം.സി അടി വെള്ളമാണ് തമിഴ്നാട് കേരളത്തിന് നൽകേണ്ടത്. ജോയന്‍റ് വാട്ടർ റെഗുലേഷൻ ബോർഡ് (ജെ.ഡബ്ല്യു.ആർ.ബി) ഇത് നിരീക്ഷിക്കും. ആളിയാറിൽനിന്ന് തുറന്നുവിടുന്ന വെള്ളം മൂലത്തറ വഴി മണത്തറ എത്തുമ്പോൾ അളവിൽ കുറവ് വരുന്നത് പരിഹരിക്കാൻ 15 ശതമാനം അധികമാണ് തമിഴ്നാട് ഒഴുക്കുന്നത്. ഇതിനുപുറമേ മഴക്കാലത്ത് ലഭിക്കുന്ന അധിക പ്രളയജലത്തിന്‍റെ പൂർണ അവകാശം കേരളത്തിനാണ്. ആ ജലമാണ് ഇപ്പോൾ മഴയുടെ മറവിൽ തമിഴ്നാട് ചിറ്റൂർ പുഴയിലേക്ക് ഒഴുക്കുന്നത്. ആളിയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് വടക്കുകിഴക്കൻ കാലവർഷത്തിലാണ് മഴ ലഭിക്കുന്നത്. പി.എ.പി കരാറിൽ ഇരുസംസ്ഥാനങ്ങളും ഏർപ്പെട്ട അരനൂറ്റാണ്ടിനിടെ അഞ്ചോ ആറോ തവണയാണ് ആഗസ്റ്റിൽ ആളിയാർ അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കിവിടേണ്ടി വന്നിട്ടുള്ളത്. സാധാരണ നവംബറിലാണ് അണക്കെട്ട് തുറന്നുവിടുന്നത്. അക്കാലത്താണ് കേരളത്തിന് വെള്ളം ഉപയോഗിക്കാൻ സാധിക്കുന്നത്. നിലവിൽ മഴയത്ത് ലഭിച്ച അധികജലം സംഭരിക്കാൻ സാധിക്കുമായിരുന്നിട്ടും ഒഴുക്കിവിടുന്നത് അധിക ജലം കേരളം ഉപയോഗിക്കുന്നില്ലെന്ന് കരാർ പുതുക്കൽ ചർച്ചയിൽ തമിഴ്നാടിന് ഉന്നയിക്കാനാണെന്ന് അന്തർസംസ്ഥാന നദീജല വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പി.എ.പി കരാറിന് വിരുദ്ധമായി അവിടത്തെ വെള്ളം ഉപയോഗിക്കാൻ മധുരക്ക് അടുത്ത് ഓട്ടൻഛത്രം, കീരനൂർ, നെയ്ക്കരെപ്പട്ടി എന്നിവിടങ്ങളിൽ 930 കോടിയുടെ ഡാമുകളടക്കം മൂന്ന് ജലസേചന പദ്ധതികൾ ആരംഭിക്കാൻ തമിഴ്നാട് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. ആളിയാർ നദിയിൽനിന്നുള്ള ജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിലുള്ള 7.25 ടി.എം.സി അടി വെള്ളത്തിൽ കുറവ് വരില്ലെങ്കിലും കേരളത്തിന് പ്രളയ മഴയിൽ ലഭിക്കേണ്ട അധിക ജലം കവർന്നെടുക്കുകയാണ് തമിഴ്നാട് ലക്ഷ്യം. കെ.എസ്. ശ്രീജിത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story