Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:07 AM IST Updated On
date_range 4 Aug 2022 1:07 AM ISTവാമനപുരം നദീതീരങ്ങളിൽ വെള്ളപ്പൊക്ക ആശങ്ക, കരുതലോടെ അധികൃതർ
text_fieldsbookmark_border
വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നു കിഴുവിലം ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു ആറ്റിങ്ങൽ: ശക്തമായ മഴയിൽ വാമനപുരം നദിയിലെ ജല നിരപ്പ് ഉയർന്നു. തീരദേശ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു. നദീതീരത്തെ താഴ്ന്ന ജനവാസ മേഖലകളിൽ രക്ഷാസംഘത്തിന്‍റെ നിരീക്ഷണം. ആറ്റിങ്ങലിലും സമീപ മേഖലകളിലും ലഭിച്ച മഴയെക്കാൾ മലയോര മേഖലയിലെ മഴയും അവിടെ നിന്നുള്ള നീരൊഴുക്കുമാണ് നദീതീരവാസികളെ ആശങ്കപ്പെടുത്തുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ വാമനപുരം നദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിരുന്നു. ചൊവ്വാഴ്ച വീണ്ടും ഒഴുക്ക് ശക്തമായി. ഇതോടെ പല ഭാഗത്തായി തീരം ഇടിഞ്ഞുതുടങ്ങി. ബുധനാഴ്ച നദീതീരത്തെ ജനവാസ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങി. നഗരസഭ, റവന്യൂ ഉദ്യോഗസ്ഥർ സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്. കിഴുവിലം ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കനത്ത മഴയെ തുടർന്ന് കിഴുവിലം ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഹെൽപ് ഡെസ്ക്കും പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്തിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുകയും ആ പ്രദേശത്തെ കുടുംബങ്ങളുടെ ടെലിഫോൺ നമ്പറുകൾ ശേഖരിക്കുന്നതിനും തീരുമാനിച്ചു. അടിയന്തരഘട്ടത്തിൽ ക്യാമ്പുകൾ ആരംഭിക്കേണ്ടിവരുന്നപക്ഷം പുരവൂർ ഗവൺമെന്റ് യു.പി.എസ്, പടനിലം യു.പി.എസ് എന്നിവിടങ്ങൾ സജ്ജമാക്കുന്നതിന് കിഴുവിലം വില്ലേജ് ഓഫിസർ ഷിബുവിനെ ചുമതല ഏൽപിച്ചു. കൃഷിനാശം സമയബന്ധിതമായി പരിശോധിച്ച് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കൃഷി ഓഫിസർ ഹാറൂണിനെ ചുമതലപ്പെടുത്തി. പകർച്ചവ്യാധികൾ, മറ്റ് രോഗങ്ങൾ എന്നിവ പടരാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മെഡിക്കൽ ഓഫിസർ ഡോ. ദീപാ രവി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, പബ്ലിക് ഹെൽത്ത് നഴ്സ് രേണുക എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി സംബന്ധമായ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുന്നതിനും ഉണ്ടാകുന്ന പക്ഷം സമയബന്ധിതമായി പരിഹരിക്കുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ചിറയിൻകീഴ്, ആറ്റിങ്ങൽ, അവനവഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർമാരോട് അഭ്യർഥിച്ചിട്ടുണ്ട്. വാമനപുരം നദീതീരത്ത് വരുന്ന നെൽപ്പാടങ്ങളും അനുബന്ധ ജനവാസമേഖലകളും വെള്ളപ്പൊക്ക സാധ്യത ഉള്ള മേഖലകൾ ആണ്. കടയ്ക്കാവൂർ, ചിറയിൻകീഴ് പഞ്ചായത്തുകളും സമാന രീതിയിൽ സുരക്ഷാ മുൻകരുതലുകൾ സീകരിച്ചിട്ടുണ്ട്. ചിറയിൻകീഴിൽ നദീതീരത്ത് പല ഭാഗത്തായി വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ മഴയുടെ ശക്തി കുറയുന്നു എന്ന വാർത്തയാണ് നദീതീരത്ത് വസിക്കുന്നവരുടെ നിലവിലെ ഏക ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story