Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:31 AM IST Updated On
date_range 22 Jun 2022 5:31 AM ISTആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം: പ്രതി തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്ന് പൊലീസ്
text_fieldsbookmark_border
തിരുവനന്തപുരം: കലക്ടറേറ്റിലെ ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷ്ടിച്ച കേസിലെ പ്രതി ശ്രീകണ്ഠൻ നായർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയാണ് പ്രതി മോഷണവും തെളിവ് നശിപ്പിക്കൽ ശ്രമവും നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മോഷ്ടിച്ച തൊണ്ടിമുതലുകൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ചെന്നും ഇതിൽ 12 പവൻ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. റവന്യൂ ഡിവിഷനൽ ഓഫിസിൽ 2020 മാർച്ച് മുതൽ 2021 ഫെബ്രുവരി വരെയാണ് ശ്രീകണ്ഠൻനായർ സീനിയർ സൂപ്രണ്ടായിരുന്നത്. ഇക്കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയാണ് തൊണ്ടിമുതലുകൾ മോഷ്ടിച്ചത്. ഇതു പുറത്തറിയാതിരിക്കാൻ തൊണ്ടിമുതൽ വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്ററിന്‍റെ 121, 122 നമ്പർ പേജുകൾ കീറിമാറ്റി. അപ്രൈസർ സർട്ടിഫിക്കറ്റുകൾ എടുത്തുമാറ്റിയതായും വ്യക്തമായി. എടുത്തുമാറ്റിയ സ്വർണാഭരണങ്ങളുടെ അതേ മാതൃകയിലുള്ള 31 പവൻ മുക്കുപണ്ടം പകരം വെച്ചതും തെളിവ് നശിപ്പിക്കാനാണ്. എസ് ചെയിൻ മാല, രണ്ടു സ്വർണമാല, നാലു സ്വർണ ചെയിൻ, രണ്ടു സ്വർണ മോതിരം, രണ്ടു കൊലുസ്, മൂന്നു വളകൾ എന്നിവ കുടപ്പനക്കുന്നിലെ ധനകാര്യ സ്ഥാപനത്തിന്‍റെ ശാഖയിൽ പണയപ്പെടുത്തിയിരുന്നു. ഇത് 2021 ആഗസ്റ്റ് എട്ട്, ഡിസംബർ 20 തീയതികളിലായി ലേലത്തിൽ പോയി. നിരവധി സ്ഥാപനങ്ങളിൽ പണയം വെച്ച സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെത്താനുണ്ട്. ഇതിനു പ്രതിയുടെ സാന്നിധ്യം ആവശ്യമായതിനാൽ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും പേരൂർക്കട സി.ഐ ആസാദ് അബ്ദുൽകലാം തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സ്വർണം മറ്റു പലരുടെയും പേരിൽ ഇയാൾ പണയം വെച്ചിട്ടുണ്ട്. തുക തിരിച്ചടക്കാത്തതിനാൽ ഇവർക്ക് റിക്കവറി നോട്ടീസ് ലഭിച്ചിട്ടുണ്ട്. ശ്രീകണ്ഠൻനായർ ഒറ്റക്കാണ് മോഷണം നടത്തിയതെന്ന വിലയിരുത്തലിലാണ് പൊലീസ്. എന്നാൽ, താൻ മാത്രമല്ല മോഷണം നടത്തിയതെന്നാണ് പ്രതി പറയുന്നത്. എന്നാൽ, ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന സംശയം പൊലീസിനുണ്ട്. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story