Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTകെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിച്ചില്ല; ആര്യനാട് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പൂട്ടി വിദ്യാർഥികൾ
text_fieldsbookmark_border
ആര്യനാട്: ബസ് സർവിസുകള്‍ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് വിദ്യാർഥികൾ പൂട്ടിയിട്ടു. ആര്യനാട് ഡിപ്പോയിൽനിന്നും രാവിലെ 8.30ന് വിതുര വഴി ഇക്ബാൽ കോളജിലേക്ക് ഉണ്ടായിരുന്ന ബസ് സർവിസ് കോവിഡ് പശ്ചാത്തലത്തില്‍ നിർത്തിയിരുന്നു. വിതുര ഡിപ്പോയിൽ നിന്നായിരുന്നു ഈ സർവിസ് തുടങ്ങിയിരുന്നത്. സ്കൂളുകളും കോളജുകളും തുറന്നതോടെ ബസ് സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. സർവിസ് ഉടനടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് കെ.എസ്.ആർ.ടി.സി അധികൃതരെ നിരവധിതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വിതുര ഗവ. ഹൈസ്കൂൾ, ആനപ്പാറ സ്കൂൾ, ഇക്ബാൽ കോളജ് എന്നിവിടങ്ങളിലെ ജീവനക്കാരും, വിദ്യാർഥികളുമാണ് സർവിസിനെ ആശ്രയിച്ചിരുന്നത്. ബസ് സർവിസ് നിർത്തലാക്കിയതോടെ കുറ്റിച്ചൽ, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലെ നിരവധി വിദ്യാർഥികളും സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ആര്യനാട്നിന്നും നെടുമങ്ങാട് വഴി പാലോടും അവിടെനിന്ന് പെരിങ്ങമ്മലയിലും എത്തണം. ഇത് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബസ് സർവിസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. സർവിസുകൾ ആരംഭിക്കാത്തതിനെ തുടർന്നാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥിസംഘം ഡിപ്പോ ഉപരോധിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പൂട്ടിയിട്ടത്. സംഭവം കൺട്രോൾ റൂമിലും നെടുമങ്ങാട് ഡി.ടി.ഒയെയും, ആര്യനാട് പൊലീസ് സ്റ്റേഷനിലും അറിയിച്ചു. പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച ശേഷമാണ് ഓഫിസ് തുറന്നത്. എന്നാൽ, സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ഒരുറപ്പും അധികൃതർക്ക് നൽകാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story