Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:42 AM IST Updated On
date_range 15 Jun 2022 5:42 AM ISTതലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് വീണ്ടും കരിങ്കൊടി
text_fieldsbookmark_border
തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരാണ് മൂന്ന് സ്ഥലങ്ങളിലായി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. തിങ്കളാഴ്ച നടന്നതിന്‍റെ തുടർച്ചയായ സമരങ്ങളാണ് ചൊവ്വാഴ്ചയും അരങ്ങേറിയത്. വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിലേക്ക് മുഖ്യമന്ത്രി പുറപ്പെടുന്നതിന് മുമ്പ് വസതിക്ക് തൊട്ടടുത്ത ദേവസ്വം ബോർഡ് ജങ്ഷനിൽ കറുത്ത വേഷമണിഞ്ഞ് എത്തിയ നാല് മഹിള മോർച്ച പ്രവർത്തകരെ പൊലീസ് പിടികൂടി. ഇവരെ നീക്കുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയി. കനത്ത പൊലീസ് നിരീക്ഷണമുണ്ടായിരുന്ന ഇവിടെ ഇവർ കൂട്ടംകൂടാതെ ഒറ്റക്കൊറ്റക്കാണ് പ്രതിഷേധത്തിനെത്തിയത്. രണ്ടുപേരെ ആദ്യം പൊലീസ് പിടികൂടി വാഹനത്തിലേക്ക് മാറ്റി. തുടർന്ന് മറ്റുഭാഗത്തുനിന്ന് രണ്ടുപേരെക്കൂടി പിടികൂടുകയായിരുന്നു. വിളപ്പിൽശാലയിലേക്കുള്ള റോഡിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇ.എം.എസ് അക്കാദമിയിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. അനുമതിയില്ലെന്ന നിലപാടാണ് പൊലീസ് അറിയിച്ചത്. അക്കാദമിയിൽനിന്ന് മടങ്ങവെ വിളപ്പിൽശാലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. ഇവരെ പൊലീസ് കീഴ്പ്പെടുത്തി പിടിച്ചുവെക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്നുവന്നത്. ഇവിടെ യുവമോർച്ച പ്രവർത്തകരും കരിങ്കൊടി പ്രതിഷേധം നടത്തി. കുണ്ടമൺകടവിൽ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരെയും പൊലീസ് നീക്കം ചെയ്തു. വാഹനം തടഞ്ഞും റോഡ് അടച്ചും കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയത്. സെക്രട്ടേറിയറ്റ്, കന്‍റോൺമെന്‍റ് ഹൗസ്, ക്ലിഫ് ഹൗസ് മേഖലയിലെല്ലാം കനത്ത നിരീക്ഷണവും ഏർപ്പെടുത്തി. മുഖ്യമന്ത്രിക്ക് പിന്തുണ അർപ്പിച്ചും അക്രമത്തിൽ പ്രതിഷേധിച്ചും സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടന പ്രകടനം നടത്തി. ഓഫിസ് സമയത്തായിരുന്നു പ്രകടനമെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഉച്ചക്ക് 12.30ഓടെയാണ് പ്രകടനം ആരംഭിച്ചത്. ഉച്ചസമയത്തെ ഇടവേളയിൽ സമരത്തിന് വിലക്കില്ല. വൈകുന്നേരം അയ്യൻകാളി ഹാളിൽ ചടങ്ങിന് പോകുമ്പോൾ പ്രതിഷേധങ്ങളൊന്നും മുഖ്യമന്ത്രിക്കുനേരേ ഉണ്ടായില്ല. ഇടതുമുന്നണി യോഗം കഴിഞ്ഞ് എ.കെ.ജി സെന്‍ററിൽനിന്നാണ് അദ്ദേഹം എത്തിയത്. പബ്ലിക് ലൈബ്രറിയുടെ വശത്തുകൂടിയുള്ള വൺവേ റോഡ് ഇതിനായി പൊലീസ് സജ്ജമാക്കുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ ഇവിടെ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story