Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:30 AM IST Updated On
date_range 10 Jun 2022 5:30 AM ISTപൊതുശൗചാലയ നിർമാണം: തണൽ മരങ്ങള്‍ മുറിക്കുന്നു
text_fieldsbookmark_border
പ്രതിഷേധം ശക്തം ആറ്റിങ്ങല്‍: പൊതുശൗചാലയ നിർമാണത്തിന്‍റെ പേരിൽ തണൽ മരങ്ങള്‍ മുറിക്കുന്നു. പ്രതിഷേധവുമായി ജനം. കച്ചേരി ജങ്ഷനില്‍ പൊതുശൗചാലയം നിർമിക്കാനായി മരങ്ങള്‍ മുറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പൊലീസ് സ്‌റ്റേഷന്‍ റോഡില്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നിലായി നിൽക്കുന്ന ആഞ്ഞിലി, താന്നി, കൊന്ന എന്നീ മരങ്ങളാണ് മുറിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വളരെ ഉയരത്തിലും പടർന്നു പന്തലിച്ചും നിൽക്കുന്ന മരങ്ങൾ വലിയൊരു ജനവിഭാഗത്തിന് തണലേകുന്നവയാണ്. താലൂക്ക് ഓഫിസ്, സിവിൽ സ്റ്റേഷൻ, കോടതികൾ, വൈദ്യുതി ഭവൻ, പൊലീസ് സ്റ്റേഷൻ, ബി.എസ്.എൻ.എൽ ഓഫിസ് എന്നിവക്ക് ഇടയിലുള്ള പുറമ്പോക്ക് ഭൂമിയിലാണ് ഈ മരങ്ങൾ നിൽക്കുന്നത്. ഇവിടങ്ങളിൽ എത്തുന്ന എല്ലാവർക്കും തണലേകുന്ന മരങ്ങൾ നഗരമധ്യത്തിലെ പച്ചതുരുത്താണ്. സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന 'ടേക്ക് എ ബ്രേക്ക്' എന്ന പദ്ധതിയുടെ ഭാഗമായാണ് കച്ചേരി ജങ്ഷനില്‍ പൊതുശൗചാലയം നിർമിക്കുന്നത്. കച്ചേരിനടയില്‍ കൂടാതെ പൂവമ്പാറ ഹോമിയോ ആശുപത്രിക്ക് സമീപവും മൂന്ന് മുക്കിലും പദ്ധതി നടപ്പാക്കുന്നുണ്ട്. 84 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും നഗരസഭാധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കച്ചേരിനടയില്‍ പൊലീസ് സ്‌റ്റേഷന്‍ റോഡിലുള്ള ഭൂമി പദ്ധതിക്കായി കണ്ടെത്തിയത്. 35 ചതുരശ്രമീറ്റര്‍ ഭൂമിയാണ് വേണ്ടത്. ഈ ചുറ്റളവില്‍ വരുന്ന മരങ്ങള്‍ ലേലം ചെയ്യുന്നതിനായി മതിപ്പുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ അസിസ്റ്റന്‍ഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിന്മേലുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പ്രതിഷേധമുയര്‍ന്നിട്ടുള്ളത്. കച്ചേരി ജങ്ഷനില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. പദ്ധതിക്ക് തടസ്സമായി നിൽക്കുന്ന മരങ്ങളാണ് മുറിച്ചുനീക്കുന്നത്. മറ്റ് വൃക്ഷങ്ങള്‍ക്കൊന്നും ഒരു പ്രശ്‌നങ്ങളുമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. Twatl maram മുറിക്കാൻ തീരുമാനിച്ച വൃക്ഷങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
