Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചില തദ്ദേശസ്ഥാപനങ്ങളിൽ...

ചില തദ്ദേശസ്ഥാപനങ്ങളിൽ എന്തിനും കാശുചോദിക്കുന്ന ആർത്തിപ്പണ്ടാരങ്ങൾ -മുഖ്യമന്ത്രി

text_fields
bookmark_border
കൊല്ലം: സ്വസ്ഥമായി ജോലിയെടുത്ത്​ കഴിയേണ്ടതിനുപകരം എന്തിനും കാശു ചോദിക്കുന്ന ആർത്തിപ്പണ്ടാരങ്ങളായി മാറിയ ഒരുകൂട്ടം പേർ ചില തദ്ദേശസ്ഥാപനങ്ങളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി തങ്ങളുടെ അവകാശമാണെന്ന് കരുതി പ്രവർത്തിക്കുന്ന ഇവരെ അവിടത്തെ ഭരണകർത്താക്കൾ കണ്ടില്ലെന്ന് നടിക്കരുത്​. ഇത്തരം ദുഷ്ചെയ്തികൾ അവസാനിപ്പിക്കാൻ കഴിയണം. നല്ല നാളേക്കുവേണ്ടി ഇത്തരം പുഴുക്കുത്തുകളെ നിയന്ത്രിച്ചേ മതിയാകൂ. ഒരു കാരണവശാലം സർക്കാർ അഴിമതി വെച്ചുപൊറുപ്പിക്കില്ല. 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും' സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന,ക്ഷേമ പ്രവർത്തനങ്ങളിൽ അനാരോഗ്യകരമായ സമീപനം സ്വീകരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുണ്ട്. നിയമവിരുദ്ധമായും ചട്ടവിരുദ്ധമായും പദ്ധതികൾ തടസ്സപ്പെടുത്താനും അനാവശ്യ വ്യാഖ്യാനങ്ങൾ കൊടുക്കാനും ചിലർ തയാറാകുന്നു. പദ്ധതികൾക്ക്​ അംഗീകാരം നൽകുന്നതിലും അനാരോഗ്യകരമായ സമീപനമുണ്ട്​. വികസനപദ്ധതികൾ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തദ്ദേശസ്ഥാപനങ്ങളെടുക്കേണ്ടത്. ആദ്യം അനുമതി കൊടുത്തശേഷം പിന്നീട് നിഷേധിക്കുന്നതും ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് പദ്ധതികൾ ഇല്ലാതാക്കുന്നതും ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് എന്നിവ ചേർന്നാണ്​ പരിപാടി സംഘടിപ്പിച്ചത്​. മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷതവഹിച്ചു. അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ലാനിങ് ഡോക്യുമെന്‍റ് പ്രകാശനവും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനർ ബിജു കെ. മാത്യു, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, സംഘാടകസമിതി കണ്‍വീനര്‍ എ. നിസാമുദ്ദീന്‍, കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപണ്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പി.എം. മുബാറക്ക് പാഷ, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്. വി. സുധീര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ. ശ്രീവത്സന്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story